ശ്രീനഗർ : ഭീകരർക്ക് അഭയം നൽകുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ മുന്നറിയിപ്പ് നൽകി. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ സേനയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടവും ജനങ്ങളും ഒരുമിച്ചാൽ ഒരു വർഷത്തിനുള്ളിൽ മേഖലയിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഒരു നിരപരാധിയെയും ദ്രോഹിക്കരുതെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ കുറ്റവാളികൾ ആരും രക്ഷപ്പെടില്ല. ആരെങ്കിലും തീവ്രവാദികൾക്ക് അഭയം നൽകിയാൽ അവരുടെ വീട് നിലംപരിശാക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഗവർണർ പറഞ്ഞു.
ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് സിൻഹ പറഞ്ഞു. നമ്മുടെ അയൽക്കാർ ആണ് ഇതിന് പരിശ്രമിക്കുന്നത്. ഇവിടെയുള്ള ആളുകളാണ് അവരുടെ നിർദ്ദേശപ്രകാരം അത് ചെയ്യുന്നത് ആശങ്കയ്‌ക്ക് കാരണമാകുന്നു. ഇത്തരക്കാരെ തിരിച്ചറിയേണ്ടത് സുരക്ഷാ സേനയുടെയും ഭരണകൂടത്തിന്റെയും മാത്രമല്ല ജനങ്ങളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സേനയും ഭരണകൂടവും ജനങ്ങളും ഒരുമിച്ചാൽ ഭീകരവാദം ഒരു വർഷത്തിൽ കൂടുതൽ ഇവിടെ നിലനിൽക്കില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു. താഴ്‌വരയിൽ ഭീകരതയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: