World

അമേരിക്ക വീണ്ടും ട്രംപ് ഭരണത്തിലേക്ക്: കമലയ്‌ക്ക് കാലിടറുന്നു, റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ മുന്നേറ്റമെന്ന് ആദ്യ ഫലസൂചനകൾ

Published by

ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ട്രംപിന് മുന്നേറ്റം. നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന,കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. സ്വിങ്ങ് സ്റ്റേറ്റായ ജോർജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.

276 ഇലക്ടല്‍ കോളേജ് സീറ്റുകളിലെ ഫല സൂചന വരുമ്പോള്‍ ട്രംപിന് 177 എണ്ണം കിട്ടുന്ന അവസ്ഥയാണ്. കമലാ ഹാരീസിന് 99 ഉം. വലിയ ഭൂരിപക്ഷം ട്രംപ് നേടുമെന്നതിന്റെ സൂചനയാണ് ഇതെല്ലാം. സ്വിങ് സ്റ്റേറ്റുകളില്‍ അടക്കം ട്രംപ് മുന്നേറുകയാണ്. വലിയ സംസ്ഥാനങ്ങളിലും ട്രംപിന് മുന്‍തൂക്കമുണ്ട്. ഇതെല്ലാം നല്‍കുന്നത് വീണ്ടും അമേരിക്കയില്‍ ട്രംപ് ഭരണത്തിനുള്ള സാധ്യതയാണ്. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടുന്നവര്‍ ജയിക്കും. അതിന് ട്രംപിന് കഴിയുമെന്ന് തന്നെയാണ് വിലയിരുത്തല്‍. 300ന് മുകളില്‍ ഇലക്ട്രല്‍ വോട്ട് ട്രംപിന് കിട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

11 ഇലക്ടറൽ വോട്ടുകളുള്ള ഇൻഡ്യാനയിൽ, ബാലറ്റുകൾ എണ്ണുമ്പോൾ ട്രംപിന് 61.9% വോട്ടുകൾ ലഭിച്ചു. 2020നേക്കാൾ ഇവിടം ട്രംപ് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. 8 ഇലക്ടറൽ വോട്ടുകളുള്ള കെന്റക്കിയിലും 60 ശതമാനത്തിലധികം വോട്ടുകൾ നേടി ട്രംപ് തന്നെയാണ് മുന്നേറുന്നത്. വെസ്റ്റ് വിജീനിയയിൽ ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു.3 ഇലക്ടറൽ വോട്ടുകളുള്ള വെർമോണ്ട് സംസ്ഥാനത്ത് കമല ഹാരിസിനാണ് ജയം. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമേ കമലയ്‌ക്ക് ഇവിടം നേടാനായുള്ളൂ. ന്യൂ ജേഴ്സി, ന്യൂ ഹാംപ്ഷയർ, കണക്റ്റിക്കട്ട്, മേരിലാന്‍റ്, മസാച്യുസിറ്റ്സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിലും കമല ജയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by