കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ബാലകൃഷ്ണന്റെ ഭൂമിക്ക് അവകാശമുന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ്.
പുതിയപറമ്പത്ത് ജമാഅത്ത് പള്ളി മുതവല്ലി കുഞ്ഞായി ഹാജിയുടെ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്. ബാലകൃഷ്ണന്റെ അച്ഛന്‍ കുന്നത്ത് പറങ്ങോടന് ജന്മാവകാശമായി കിട്ടിയതാണ് ഭൂമി. പിന്നീട് മക്കളായ ദാമോദരനും ബാലകൃഷ്ണനും എഴുതി കൊടുക്കുകയുമായിരുന്നു.
1994ല്‍ ദാമോദരന്‍ അനുജന് ഭൂമിയുടെ പൂര്‍ണ അവകാശം നല്കി. അന്നു മുതല്‍ ബാലകൃഷ്ണനാണ് ഭൂമി പരിപാലിക്കുന്നതും നികുതി അടയ്‌ക്കുന്നതും. 30 സെന്റ് സ്ഥലം കുടുംബത്തിന്റെ കൈയിലെത്തിയിട്ട് 70 വര്‍ഷത്തിലധികമായി. തരിശായി കിടന്നിരുന്ന സ്ഥലത്ത് ഇന്ന് തെങ്ങും വാഴയും കൃഷി ചെയ്യുന്നുണ്ട്. ചെറിയ കെട്ടിടവുമുണ്ട്. അച്ഛന്‍ പണം കൊടുത്ത് വാങ്ങിയതാണ് സ്ഥലമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. 1967ല്‍ അച്ഛന്‍ മരിച്ചു. ആയിരം ലോഡോളം മണ്ണിട്ടാണ് ഇന്നത്തെ നിലയിലാക്കിയത്. ഒരു ദിവസം ഇത് പള്ളിയുടേതാണെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നാണ് ബാലകൃഷണന്‍ ചോദിക്കുന്നത്.
ഭൂമി അന്യാധീനപ്പെട്ടതായി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മാത്രമല്ല അതിന്റെ ആധാരവും മുതവല്ലിയായ കുഞ്ഞായി ഹാജിയുടെ കൈവശമില്ല. അതോടൊപ്പം ബാലകൃഷ്ണനുമായോ പൂര്‍വികരുമായോ എന്തെങ്കിലും കരാര്‍ ഉണ്ടോ എന്ന ചോദ്യത്തിനും അറിയില്ല എന്നാണ് കുഞ്ഞായി ഹാജിയുടെ ഉത്തരം. വഖഫ് ബോര്‍ഡിന്റേത് സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന കടന്നുകയറ്റമാണെന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും കുറ്റപ്പെടുത്തി. ബാലകൃഷ്ണനും കുടുംബത്തിനും പൂര്‍ണ പിന്തുണയും ഇരു സംഘടനകളും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക