ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ ചരിത്രമെഴുതി ഭാരതം. 96.96 കോടി ഇന്റര്‍നെറ്റ് വരിക്കാരാണ് നിലവില്‍ രാജ്യത്തുള്ളത്. അമേരിക്ക, ജപ്പാന്, റഷ്യ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണിത്. ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ ഭാരതം പുത്തന്‍ ഉയരങ്ങള്‍ കൈവരിച്ചതിന്റെ സന്തോഷം ടെലികോം മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 95.44 കോടിയില്‍ നിന്ന് 1.59 ശതമാനം വര്‍ധിച്ച് 96.96 കോടിയിലെത്തി. ഇതില്‍ 92.75 കോടിപ്പേരും വയര്‍ലെസ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. 4.2 കോടി ആളുകള്‍ വയേര്‍ഡ് കണക്ഷന് ഉപയോഗിക്കുന്നതായും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ട്രായ്യുടെ ഇന്ത്യ ടെലികോം സര്‍വീസസ് പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ഒരു ഉപയോക്താവില്‍ നിന്ന് ടെലികോം കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് 8.11 ശതമാനം വര്‍ധിച്ച് 157.45 രൂപയിലെത്തി. ബ്രോഡ്ബാന്‍ഡ് വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.81 ശതമാനം വര്‍ധിച്ച് 94.07 കോടിയിലെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 92.40 കോടിയായിരുന്നു. നാരോ ബ്രാന്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 3.03 കോടിയില്‍ നിന്ന് 2.88 കോടിയിലേക്ക് ഇടിഞ്ഞു.
രാജ്യത്തെ ടെലിഫോണ്‍ വരിക്കാര്‍ 120.56 കോടിയായി. ജനുവരി-മാര്‍ച്ച് മാസങ്ങളെ അപേക്ഷിച്ച് 0.53 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 2.70 ശതമാനവും വര്‍ധനയാണുണ്ടായത്. നഗരപ്രദേശങ്ങളിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 66.53 കോടിയില്‍ നിന്ന് 66.71 കോടിയായി. ഗ്രാമങ്ങളില്‍ ഇത് 53.85 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: