ബ്രാംപ്ടണ്‍(കാനഡ): ഖാലിസ്ഥാന്‍ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് കനേഡിയന്‍ ഹിന്ദുക്കള്‍.
ആക്രമണം നടന്ന ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന് പുറത്താണ് വന്‍ പ്രതിഷേധറാലി നടന്നത്. കാനഡയുടെയും ഭാരതത്തിന്റെയും ദേശീയപതാകകളും കാവിക്കൊടികളും പ്രതിഷേധക്കാര്‍ കൈകളിലേന്തിയിരുന്നു. ഖാലിസ്ഥാനികള്‍ക്ക് പിന്തുണ നല്കുന്ന ട്രൂഡോ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
ദീപാവലി ആഘോഷങ്ങള്‍ അവസാനിക്കുന്ന ദിവസങ്ങളില്‍ കാനഡയിലുടനീളം ക്ഷേത്രങ്ങള്‍ ആക്രമിച്ചതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഹിന്ദുസംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന കോലീഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് ചൂണ്ടിക്കാട്ടി. ഹിന്ദുഫോബിയ പ്രചരിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുപത് വര്‍ഷമായി കാനഡയിലെ ഹിന്ദുക്കള്‍ക്കെതിരെ തുടരുന്ന വിവേചനങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഹിന്ദു കനേഡിയന്മാര് രണ്ടാം തരം പൗരന്മാരല്ല. ഈ രാജ്യത്തോട് വിശ്വാസ്യത പുലര്‍ത്തി, നിയമങ്ങള്‍ അനുശാസിച്ച് കഴിയുന്നവരാണ്, കോലീഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഞായറാഴ്ചയാണ് ടൊറന്റോയ്ക്ക് സമീപമുള്ള ബ്രാംപ്ടണില്‍ ഹിന്ദുസഭാ മന്ദിറിന് നേരെ ആക്രമണം നടന്നത്. ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷനാണ് ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തരെ ഖാലിസ്ഥാന്‍ ഭീകരര്‍ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: