Kerala

മക്കളെ മാധ്യമ പ്രവര്‍ത്തകരാക്കണം: സ്വാമി ചിദാനന്ദപുരി

ഭാരതം ലോകനേതൃത്വത്തിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ ഭാരതത്തെ സ്‌നേഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാവണമെന്നും സ്വാമി

Published by

കോഴിക്കോട്: ശ്രേഷ്ഠ രാജ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ശ്രേഷ്ഠരായ മാധ്യമ പ്രവര്‍ത്തകരും ഉണ്ടാകണമെന്ന് കൊളത്തൂര്‍ അദ്വൈദാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മികച്ചമാധ്യമ പ്രവര്‍ത്തകരാകാന്‍ മക്കളെ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള ജോലിയാണെന്നത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ജന്മഭൂമി സ്വ വിജ്ഞാനോത്സവത്തില്‍ സ്വാമി പറഞ്ഞു.

വാര്‍ത്തയിലെ പ്രതിപാദ്യവും പ്രതിപാദനവും ഗൗരവബുദ്ധിയോടെ കാണണം. ഉടമയ്‌ക്ക് അനുസരിച്ച് മാത്രമല്ല, പ്രതിപാദ്യം തയ്യാറാക്കുന്നവരുടെ ആദര്‍ശങ്ങളും അഭിലാഷവും വാര്‍ത്തയാവും. അവിടെയാണ് ശ്രേഷ്ഠരായ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യം.

ഭാരതം ജഗത്ഗുരുവായത് ഏതെല്ലാം മാനങ്ങളിലൂടെയും അര്‍ത്ഥങ്ങളിലൂടെയുമായിരുന്നുവെന്ന് പരിശോധിച്ചാല്‍ ആ അറിവ് നമ്മെ ശക്തരാക്കും. ആശയപ്രചാരണത്തിലൂടെയാണ് ഭാരതം ജഗത്ഗുരുവായത്. ആ ആശയപ്രചാരണത്തിന് ഉപയുക്തമായ രീതിയില്‍ രാഷ്‌ട്രം ആശയസമ്പന്നമായതുകൊണ്ടാണത്. വര്‍ത്തമാനകാല സ്ഥിതിയെ അതിന് സജ്ജമാകുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും അതിന് മാധ്യമങ്ങളുടെ പങ്ക് അനിവാര്യമാണെന്നും സ്വാമി പറഞ്ഞു.

രാഷ്‌ട്രത്തെ ശക്തിപ്പെടുത്തുന്ന ജനാധിപത്യത്തിലെ മൂന്നു തൂണുകളെയും ശരിയായ അറിവ് പകര്‍ന്ന് ശക്തിപ്പെടുത്തേണ്ട മഹാസ്തംഭമാണ് മാധ്യമങ്ങള്‍. നവീന സമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വികസിതമായ തലത്തില്‍ വിസ്തൃതമാണ് മാധ്യമങ്ങള്‍. സാമാന്യസമൂഹത്തെ സ്വാധീനിക്കുന്ന ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ അവയുടെ ധര്‍മ്മത്തെ വേണ്ടരീതിയില്‍ നിര്‍വഹിക്കുമ്പോഴെ ലോകത്തെ ശ്രേഷ്ഠമാക്കുക എന്ന മഹാദൗത്യം സാധ്യാകൂ. ജന്മൂഭൂമിയെപ്പോലെ പത്രങ്ങളുടെ പ്രാധാന്യം അതാണ്.

ഓരോ വ്യക്തിയുടെയും വിരല്‍തുമ്പുകള്‍ മാധ്യമമാണ്. എന്നാല്‍ അതിന്റെ ദുരുപയോഗമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തനം മഹിതമായ ലക്ഷ്യം മുന്‍നിര്‍ത്തിയാവണം. സമസ്ത ലോകത്തെയും ശ്രേഷ്ഠമാക്കാന്‍ ഉതകുംവിധം ഭാരതത്തെ രൂപപ്പെടുത്താന്‍ മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണ്. സ്വയം ഈശ്വര സ്തുതി ചെയ്തും സത്കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിച്ചും. ദാനശീലമില്ലായ്മയെ ശമിപ്പിച്ചും ലോകത്തെ ശ്രേഷ്ഠമാക്കാമെന്നും സ്വാമി പറഞ്ഞു.

സ്വന്തം ചരിത്രം പഠിക്കണം എന്ന് ലോകത്തോട് ഉദ്‌ഘോഷിച്ചത് ഭാരതത്തിലെ ആചാര്യനായ മനുവാണ്. എന്നാല്‍ നാം സ്വന്തം ചരിത്രം പഠിക്കുന്നില്ലെന്നും വര്‍ത്തമാന കാലത്തെ സ്ഥിതിഗതികള്‍ ചരിത്രബോധത്തിന്റെ അഭാവംകൊണ്ട് അത്യപകടകരമായ അവസ്ഥയെ കാണിക്കുന്നതായും സ്വാമി പറഞ്ഞു.

ലോകത്തെ മുഴുവന്‍ ശ്രേഷ്ഠ്തയിലേക്ക് നയിക്കാന്‍ മഹാദൗത്യത്തിന് മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും ഭാരതം ലോകനേതൃത്വത്തിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ ഭാരതത്തെ സ്‌നേഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാവണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ജന്‍മഭൂമി യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി ഉപഹാരം നല്‍കി. ടി.സുധീഷ് സ്വാഗതം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക