കോഴിക്കോട്: മാധ്യമ രംഗത്തേക്ക് സാമ്പത്തിക താല്പര്യത്തോടെയുള്ള വരവ് കൂടിയതോടെ മാധ്യമങ്ങളുടെ ഗുണനിലവാരവും സമഗ്രതയും ഇല്ലാതായതായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്ത് എത്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന കണക്കുപോലൂം എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കലാപം ഉണ്ടാക്കാന്‍ ബോംബും കത്തിയും വേണ്ട, കമ്പ്യൂട്ടറും സാമൂഹ്യമാധ്യമവും മതി. സത്യത്തെക്കാള്‍ വേഗത്തിലും വ്യാപകമായും നുണ പ്രചരിപ്പിക്കാന്‍ കഴിയുന്നു. ‘ജന്മഭൂമി’ സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ ദീപസ്തംഭമാണ് മാധ്യമങ്ങള്‍. ഭാരത പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ രാജ്യവും ജനാധിപത്യവും മാധ്യമങ്ങളും വലിയ വഴിത്തിരിവിലാണ്. ജനാധിപത്യത്തേയും മാധ്യമങ്ങളേയും രണ്ടായി കാണാനാവില്ല. ഇന്ത്യയില്‍ ജനാധിപത്യം പുലരാന്‍ മാധ്യമങ്ങള്‍ വഹിച്ച് പങ്ക് വലുതാണ്. അടിയന്തരാവസ്ഥയുടെ നാളില്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇല്ലായിരുന്നെങ്കില്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ വര്‍ഷങ്ങള്‍ നീളുമായിരുന്നു.
മാധ്യമ സ്വാതന്ത്യവും അഭിപ്രായ സ്വാതന്ത്യവും പരസ്പര പൂരകവുമാണ്. അഭിപ്രായ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെങ്കിലും അത് നുണ പ്രചരിപ്പിക്കാനുളള മറയാക്കരുത്. പുതിയ ഡിജിറ്റല്‍ വെല്ലുവിളികള്‍ നേരിടാന്‍ ന്യായമായ നിയന്ത്രണങ്ങള്‍ വേണം. മാധ്യമ സ്വാതന്ത്ര്യം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാനുള്ള അവസരമായി കാണുന്നവര്‍ ശിക്ഷിക്കപ്പെടണം. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആധിക്യവും സാങ്കേതികവിദ്യയുടെ വളര്‍ച്ചയും പരമ്പരാഗതമാധ്യമ രീതികളെ തന്നെ മാറ്റി മറിച്ചു. ഇന്ന് രാജ്യത്ത് 90 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. 2026 ആകുമ്പോള്‍ ഇത് 120 കോടിയാകും. രണ്ടു പതിറ്റാണ്ടു മുന്‍പുവരെ ഓരോ മാധ്യമങ്ങളുടേയും മാധ്യമപ്രവര്‍ത്തകരുടേയും നിലപാടുകള്‍ എന്ത് എന്നതില്‍ വായനക്കാര്‍ക്ക് ബോധ്യം ഉണ്ടായിരുന്നു. നിലപാടുകള്‍ പരസ്യമായി പറയാനും മാധ്യമങ്ങള്‍ തയ്യാറായിരുന്നു. ഇന്ന് നിലപാടുകള്‍ ഒളിച്ചു കടത്തുകയാണ്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എസ് ഗുരുമൂര്‍ത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ചീഫ് എഡിറ്റര്‍ കെ എന്‍ ആര് നമ്പൂതിരി അധ്യക്ഷം വഹിച്ചു. മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്, മാകോ ഡയറക്ടര്‍ എ കെ അനുരാജ്, കണ്ണൂര്‍ എസ്എന്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സി പി സതീശ്, എം സുധീന്ദ്ര കുമാര്‍, എം എന്‍ സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: