Alappuzha

മഞ്ഞപ്പിത്തം പടരുന്നു; ശുചിത്വ കാര്യങ്ങളില്‍ ജാഗ്രത വേണം, പച്ചവെള്ളം കുടിക്കരുത്; സ്വയം ചികിത്സ ഒഴിവാക്കണം

Published by

ആലപ്പുഴ : ജില്ലയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മഞ്ഞപിത്തം വ്യാപകമായ പ്രദേശങ്ങളില്‍ ജില്ലാ ആരോഗ്യ വിഭാഗവും പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരും ശക്തമായ നടപടികള്‍ എടുത്തുവരികയാണ്.

രോഗബാധിതരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പകരുമെന്നതിനാല്‍ രോഗബാധിതരും അവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ചെങ്ങന്നൂര്‍ ഐ എച്ച് ആര്‍ഡി എഞ്ചിനീയറിങ്ങ് കോളേജിലെ 16 വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

പാണ്ടനാട്, കുറത്തികാട്, ചുനക്കര ബ്ലോക്കുകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെ രോഗനിരീക്ഷണ നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് തുടര്‍ന്നു വരുന്നു.

നൂറനാട് ഗ്രാമപഞ്ചായത്തില്‍ 11 പേരിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഈ രണ്ട് പ്രദേശങ്ങളിലും രോഗബാധിതരായ വ്യക്തികളില്‍ നിന്നുമാണ് മറ്റുള്ളവരിലേക്ക് രോഗബാധയുണ്ടായതായി രോഗനിരീക്ഷണത്തില്‍ കണ്ടെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂപ്പര്‍ ക്ലോറിനേഷനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 15 മുതല്‍ 50 ദിവസം വരെ എടുക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.ആര്‍ഒ പ്ലാന്റിലെയോ ഫില്‍റ്ററിലെയോ വെള്ളമാണെങ്കില്‍ കൂടിയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി പച്ചവെള്ളം യാതൊരു കാരണവശാലും ചേര്‍ക്കരുത്. കുട്ടികളും മറ്റും പൈപ്പുകളിലെ വെള്ളം തിളപ്പിക്കാതെ കുടിക്കുന്നില്ല എന്ന് രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധ മായും ഉറപ്പാക്കേണ്ടതാണ്. പനി, ശരീര വേദന, ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടുക. സ്വയം ചികിത്സ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക