പാവറട്ടി: ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് തുകയില്‍ കുടിശിക വരുത്തി ഗുരുവായൂര്‍ നഗരസഭ.
തൈക്കാട് ഏരിയയിലെ ഭിന്ന ശേഷിക്കാരായ വിദ്യാത്ഥികള്‍ക്കാണ് ഗുരുവായൂര്‍ നഗരസഭ സ്കോളര്‍ഷിപ്പ് തുക നല്കുന്നതില് കുടിശിക വരുത്തിയത്. വര്‍ഷം തോറും മാര്‍ച്ചിലാണ് വിദ്യാത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാറുള്ളത്.
എന്നാല്‍ ഈ വര്‍ഷം ലഭിക്കേണ്ട തുകയുടെ പകുതി മാത്രമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. കുടിശിക വരുത്തിയ തുക ലഭിക്കാന്‍ നഗരസഭ ഓഫീസില്‍ പല തവണ പരാതി നല്‍കിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ ലഭിക്കേണ്ട തുക എട്ടു മാസം കഴിഞ്ഞിട്ടും കൊടുത്തിട്ടില്ല. ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ ഇനി നാലുമാസം മാത്രമാണുള്ളത്.
കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാറുള്ളതിനാല്‍ രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോവാന്‍ കഴിയാറില്ല. നഗരസഭയുടെ അനാസ്ഥമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട തുക കുടിശികയാവുന്നതിനാല് ഇത് പല കുടുംബങ്ങളേയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
നിലവില്‍ 28,500 രൂപയാണ് സ്കോര്‍ഷിപ്പ് തുക. തദ്ദേശസ്ഥാപനം 50 ശതമാനവും ബാക്കി ജില്ലയും സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. ഐസിഡിഎസ് സൂപ്പര്‍ വൈസറാണ് തുക കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ പല സ്ഥാപനങ്ങളിലും ഈ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് പരാതി ഉയരുന്നത്.
ഭിന്നശേഷിക്കാരുടെ ഫണ്ട് ഒരു കാരണവശാലും വകമാറ്റാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ് സ്കോളര്‍ഷിപ്പ് തുക മുടക്കുന്നത്.
ഇതോടൊപ്പം സ്കോളര്‍ഷിപ്പ് പ്രത്യേക സാമ്പത്തിക സഹായമായി കണക്കാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പല വിദ്യാര്‍ത്ഥികള്‍ക്കും ചെറിയ തുക മാത്രമാണ് ലഭിച്ചതെന്നാണ് പരാതി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: