കോഴിക്കോട്: സ്ത്രീ സുരക്ഷാ നിയമങ്ങള്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്ത്രീകളുടെ അന്തസ്സ് വര്‍ധിപ്പിക്കുന്ന സാമൂഹിക പരിവര്‍ത്തനം വേണമെന്ന് ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ‘വനിത സംരക്ഷണ നിയമങ്ങള്‍ ഉണ്ട്, പക്ഷെ…’ എന്ന വിഷയത്തില്‍ നടത്തിയ വനിത സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. പൊതു ഇടങ്ങള്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമാണെന്നും സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഉണ്ടായിട്ടും പൊതു ഇടങ്ങളില്‍ സമത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുന്നതായും അഭിപ്രായമുയര്‍ന്നു.ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ വിജയഭാരതി സയാനി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതു ഇടങ്ങളിലും തൊഴില്‍ മേഖലയിലും പങ്കാളിത്തം ഉറപ്പാക്കാന്‍ നിയമങ്ങളും സംവിധാനങ്ങളും ഉണ്ട്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ആന്ദോളന്’ എന്നി പദ്ധതികളും ലിംഗസമത്വ സംരംഭങ്ങളും സ്ത്രീകളെ ശാക്തീകരിക്കുന്നതിലും തുല്യ പൗരന്മാര് എന്ന അവരുടെ അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി വിജയഭാരതി സയാനി പറഞ്ഞു.
സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സാമൂഹിക മാറ്റം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അത് സ്ത്രീ സമത്വവും സുരക്ഷയും രൂപപ്പെടുത്തുന്ന സാംസ്കാരിക മാനദണ്ഡങ്ങള്‍, മനോഭാവങ്ങള്‍, പെരുമാറ്റങ്ങള്‍ എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നു. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ നിയമങ്ങള്‍ അത്യന്താപേക്ഷിതമാണെങ്കിലും, സാമൂഹിക മൂല്യങ്ങളില്‍ വിശാലമായ മാറ്റമില്ലാതെ അത്തരം നിയമങ്ങള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനാവില്ല.
സ്ത്രീകളുടെ യഥാര്‍ത്ഥ സുരക്ഷ ശാരീരിക സംരക്ഷണത്തിന് അപ്പുറത്താണ്. അതിനാല്‍ എല്ലാ ഇടങ്ങളിലും സ്ത്രീകള്‍ക്ക് ബഹുമാനവും സമത്വവും അന്തസ്സും വളര്‍ത്തുന്ന ഒരു സാംസ്കാരിക പരിവര്‍ത്തനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ഭാരതീയ ന്യായശാസ്ത്രം, ഭാരതീയ നാഗരിക് സുരക്ഷാ സന്ഹിത എന്നിവ ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി നടപ്പിലാക്കിയിട്ടുണ്ട്. അത്തരം നിയമനിര്‍മ്മാണം നിലവിലുണ്ടെങ്കിലും, നീതിയും സംരക്ഷണവും ലഭ്യമാക്കുന്നതില്‍ പല സ്ത്രീകളും ഇപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. നിയമ സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാര്യക്ഷമതയില്ലായ്മ, പ്രതികാര ഭയം, അധികാരികളില്‍ നിന്നുള്ള വിരുദ്ധ മനോഭാവം എന്നിവയാണ് സ്ത്രീകള്‍ അവരുടെ ‘അവകാശങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്നും അവര്‍ പറഞ്ഞു.
ഈ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തി നേടുമ്പോള്‍ മാത്രമേ സ്ത്രീകള്‍ക്ക് സമഗ്രവും സുരക്ഷിതവുമായ ഭാവി രൂപപ്പെടുത്താനും പൊതു ഇടങ്ങളില്‍ സമത്യം ഉറപ്പാക്കാനാവൂ എന്നും അവര്‍ പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളും മാധ്യമ വാര്‍ത്തകളും ചൂണ്ടിക്കാട്ടി സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാഖ്യാനിക്കപ്പെടുന്നതായി മുഖ്യപ്രഭാഷണത്തില്‍ തിരുവനന്തപുരം ഗവ. ലോ കോളജ് അധ്യാപിക ഡോ. താജി. ജി.ബി പറഞ്ഞു. നിയമസംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നില്ല. പുറം ലോകമറിയാതെ പോകുന്ന ഗാര്‍ഹിക പീഡനങ്ങളും ജോലിസ്ഥലത്തെ പീഡനങ്ങളും നിരവധി.
സ്ത്രീ പീഡനങ്ങളില്‍ ഇരയാക്ക പ്പെട്ട സ്ത്രീകളുടെ സ്വഭാവഹത്യ ചര്‍ച്ചചെയ്യുകയും പുരുഷന് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കോടതികളില്‍ എത്തുന്ന കേസുകളില്‍ മൊഴി പറയുന്ന ഇര വീണ്ടും ‘ബലാല്‍സംഗം ചെയ്യപ്പെടുക’യാണെന്നും അവര്‍ പറഞ്ഞു.
സ്ത്രീ സുരക്ഷാ നിയമങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷനും അറിയുന്നതിലൂടെ തെറ്റുകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുമെന്നും താജി പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരല്ല. സ്ത്രീകള്‍ ബഹുമുഖ കഴിവുള്ളവരാണ്.
സ്ത്രീ സുരക്ഷാനിയമം മാത്രം പോര, കഴിവുകളുടെ ആവിഷ്കാരത്തോടെ സ്വയം തിരിച്ചറിയാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് സ്ത്രീ സമത്വമെന്നും വിഷയാവതരണം നടത്തിയ സ്ത്രീ ചേതന അധ്യക്ഷ യും മനശ്ശാസ്ത്രജ്ഞയമായ എ.ആര്. സുപ്രിയ പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ ദീര്‍ഘകാലം സേവനം ചെയ്ത മുന്‍ അണ്ടര്‍ സെക്രട്ടറി ടി. രതി അധ്യക്ഷയായി.
വനിതാ സെമിനാര്‍ കണ്‍വീനര്‍ ഭാവനാ സുമേഷ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി നിഷി രഞ്ജന്‍ , ജന്മഭൂമി യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി, ഷിനി രാജേഷ്, സി.എസ്. സത്യഭാമ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: