ഗര്‍വാ(ഝാര്‍ഖണ്ഡ്): വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ കാലത്താണ് ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എവിടെയും റൊട്ടി, ബേട്ടി, മാട്ടി കി പുകാര്‍, ഝാര്‍ഖണ്ഡ് മേ ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം മാത്രമാണുള്ളത്. ഇരട്ട എന്ജിന് സര്‍ക്കാരിലൂടെ വികസനത്തിന്റെ വേഗം ഇരട്ടിയാക്കാനുള്ള അവസരം എല്ലാവരും ഉപയോഗിക്കണം, ഗര്‍വയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്ത് മോദി പറഞ്ഞു.
കേന്ദ്രത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാരിന് രൂപം നല്‍കിയത് നിങ്ങളാണ്. ഝാര്‍ഖണ്ഡിലും അതേ അനുഗ്രഹം ഉണ്ടാകണം. വരുന്ന 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തിലേക്കുള്ള യാത്രയിലാണ്. ഝാര്‍ഖണ്ഡിന് അന്ന് 50 വയസ് തികയും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഝാര്‍ഖണ്ഡിലെ കര്‍ഷകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. വ്യവസായങ്ങള്‍ ജെഎംഎം സര്‍ക്കാര്‍ തടസപ്പെടുത്തിയിട്ടും കേന്ദ്രം നിങ്ങള്‍ക്കൊപ്പം നിന്നു. രാജ്യത്തിന്റെ ഓരോ തരിമണ്ണും വികസനത്തിലേക്ക് കുതിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്, അദ്ദേഹം പറഞ്ഞു.
വനവാസിത്തനിമയെ ഇന്‍ഡി മുന്നണി നേതാക്കള്‍ അപമാനിക്കുകയാണ്. ചമ്പായി സോറനോട് അവരെന്താണ് ചെയ്തത്. കുടുംബാധിപത്യപാര്ട്ടികളാണ് കോണ്‍ഗ്രസും ജെഎംഎമ്മും. അതുകൊണ്ടാണ് അവര്‍ ഗോത്രവര്ഗനായകനായ ചമ്പായ് സോറനെ അപമാനിച്ചത്.
കോണ്‍ഗ്രസ് എല്ലായിടത്തും വ്യാജവാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയും ശമ്പളവും ലഭിക്കാന്‍ സമരങ്ങള്‍ നടത്തേണ്ടി വന്നു. തെലങ്കാനയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ സംസ്ഥാനങ്ങളെ നശിപ്പിക്കുമെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: