13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിൽ പങ്കുചേർന്നു.
മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏറെ കാലമായി ഇരുവരുടെയും മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഇരുവരോടും അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞു. മക്കൾക്ക് ചടങ്ങിന്റെ പ്രധാന്യം മനസ്സിലാക്കാനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു.
ദമ്പതികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്‌ക്ക് സർപ്രൈസ് ഒരുക്കിയിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.
2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ൽ സണ്ണി ലിയോണും ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്
നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും സണ്ണി ലിയോൺ- ഡാനിയൽ വെബർ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക