കൊല്ലം: കൊല്ലത്തെ സീരിയൽ നടിക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന നവാസ് രാസലഹരി എത്തിച്ചിരുന്നത് കർണാടകത്തിൽ നിന്നും. കഞ്ചാവ് വിൽപ്പനയായിരുന്നു നവാസിന് ആദ്യകാലങ്ങളിൽ. പിന്നീട് കൂടുതൽ ലാഭം ലക്ഷ്യമിട്ടാണ് എംഡിഎംഎ കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഇതിനിടയിലാണ് നടി ഷംനത്തിനെ പരിചയപ്പെടുന്നതും ഇവരുമായി ഇടപാട് ആരംഭിക്കുന്നതും. പാർവതി എന്ന പേരിൽ അറിയപ്പെടുന്ന ഷംനത്തിന് സ്ഥിരമായി എംഡിഎംഎ വിതരണം ചെയ്തിരുന്നത് ഇയാളാണ്.
ഇക്കഴിഞ്ഞ ഒക്ടോബർ 18നാണ് പരവൂർ ചിറക്കരയിലെ വീട്ടിൽ നിന്ന് എംഡിഎംഎയുമായി പാർവതി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സീരിയൽ നടി ഷംനത്തിനെ അറസ്റ്റ് ചെയ്തത്. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എംഡിഎംഎ വാങ്ങിയതെന്നായിരുന്നു നടിയുടെ മൊഴി. ലഹരി മരുന്ന് കച്ചവടത്തിലൂടെയാണ് ഷംനത്തും നവാസും തമ്മിൽ സൗഹൃദത്തിലായത്. നവാസിൽ നിന്നും നടി ലഹരി മരുന്ന് വാങ്ങിയ വിവരം മനസിലാക്കി പരവൂർ പൊലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി ഷംനത്ത് കുടുങ്ങുകയായിരുന്നു.
നടി ഷംനത്ത് അറസ്റ്റിലായതിന് പിന്നാലെ ഒളിവിൽ പോയ കടയ്‌ക്കൽ സ്വദേശിയായ നവാസിനെയാണ് പൊലീസ് അതിവിദഗ്ധമായി പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് നവാസെന്ന് പൊലീസ് വ്യക്തമാക്കി. നവാസിനെതിരെ ഇരുപതോളം കേസുകളുണ്ട്. വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലുമായാണ് ഇയാൾക്കെതിരെ ഇത്രയും കേസുകളുള്ളത്.
ഡൈവറായിരുന്നു നവാസ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ജോലിക്കിടെയാണ് കഞ്ചാവ് കടത്ത് ആരംഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ചരക്കിറക്കി തിരികെ വരുമ്പോൾ വാഹനത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി. കേരളത്തിൽ എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും വിൽപന നടത്തും.
കഞ്ചാവിൽ തുടങ്ങിയ കച്ചവടം പതിയെ എംഡിഎംഎയിലേക്ക് മാറി. കൂടുതൽ ലാഭം ലക്ഷ്യമിട്ടാണ് എംഡിഎംഎയിലേക്ക് തിരിഞ്ഞത്. ഫാസ്റ്റ്ഫുഡിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയിൽ കലർത്തിയും ഇയാൾ എംഡിഎംഎ വിറ്റിരുന്നു.തെക്കൻ കേരളത്തിലെ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ നവാസ് കാപ്പനിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക