സ്വാമി ഉദിത് ചൈതന്യ
നാരായണീയത്തിന് പുതിയൊരു ഭാഷാവിവര്‍ത്തനം.
ഭഗവദ്ഗീതയിലെ അവസാന ശ്ലോകത്തില്‍ ഭഗവാന്‍ വേദവ്യാസമഹര്‍ഷി നമ്മെ ഓര്‍മ്മിപ്പിക്കുന്നു:
”യത്ര യോഗേശ്വരഃ കൃഷ്‌ണോ
യത്ര പാര്‍ത്ഥോ ധനുര്‍ദ്ധരഃ
തത്ര ശ്രീര്‍വ്വിജയോ ഭൂതിഃ
ധ്രുവാ നീതിര്‍മ്മതിര്‍മ്മമ”
(ഭഗവദ് ഗീത 18-78)
എവിടെ യോഗേശ്വരനായ ശ്രീകൃഷ്ണനും ധനുര്‍ധാരിയായ പാര്‍ത്ഥനും (അര്‍ജ്ജുനനും) ഒന്നിച്ചു നില്‍ക്കുന്നുവോ, അവിടെ ഐശ്വര്യവും വിജയവും സമൃദ്ധിയും നീതിയും അനുസ്യൂതം കുടികൊള്ളുന്നു എന്നുറപ്പ്.
യോഗേശ്വരനായ ശ്രീകൃഷ്ണനും ആയുധധാരിയായ (കര്‍മ്മനിപുണനായ) പാര്‍ത്ഥനും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്, അതായത് ഈ കൂട്ടാണ്, പുരോഗതിയുടെ രഹസ്യം. ഭൗതികമായ ഐശ്വര്യവും, മാനസികമായ സംതൃപ്തിയുടെ, ശക്തിയുടെ, സ്‌നേഹത്തിന്റെയെല്ലാം വിജയവും നമുക്ക് നേടിത്തരുന്നത് ഈ സമ്യക്കായ സംഗമമാണ്. അതിന്നായി ആന്തരീകവും ബാഹ്യവുമായ നമ്മുടെ ജീവിതം ഉചിതമായി ചേര്‍ത്തുകോര്‍ത്ത് നിലനിര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ ഇക്കാലത്ത് ആന്തരീകപ്രശാന്തിക്കായി എന്തുചെയ്യണം എന്നതിനെപ്പറ്റി കാര്യമായ ചര്‍ച്ചകളോ പഠനങ്ങളോ പ്രവര്‍ത്തനപരിശീലനങ്ങളോ നാം കാണുന്നില്ല.
അതുകൊണ്ടുതന്നെയാണ് നമുക്ക് ചുറ്റും ധാരാളമായി കുടുംബബന്ധങ്ങളില്‍ താളപ്പിഴയും, വേര്‍പിരിയലുകളും, മാനസികമായ പിരിമുറുക്കം കൊണ്ട് ആത്മഹത്യയിലേക്ക് പോലും എത്തിച്ചേരുന്ന അവസ്ഥയും കാണുവാന്‍ സാധിക്കുന്നത്.
മനസ്സില്‍ ആധി കൂടിയാല്‍ ശരീരത്തില്‍ വ്യാധി വര്‍ദ്ധിക്കുമെന്ന് നമ്മുടെ പൂര്‍വ്വികന്മാര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മനസ്സും ജീവിതവും താളാത്മകമായി ഒരുമയില്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. മനസ്സിന് ഉത്സാഹവും ഊര്‍ജ്ജവും കരുത്തും നല്‍കാന്‍ എന്താണ് മാര്‍ഗ്ഗം? പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതുകൊണ്ടോ അവയെക്കുറിച്ച് കൂടുതല്‍ പഠിച്ചതുകൊണ്ടോ മാത്രം കാര്യമില്ല. യഥാര്‍ത്ഥ പരിഹാരം കണ്ടെത്തേണ്ടത് സ്വയം തന്നില്‍ത്തന്നെയാണ്. എവിടെയാണോ പ്രശ്‌നം അവിടെയാണ്, അതേ തലത്തിലാണ്, പരിഹാരം കണ്ടെത്തേണ്ടത്.
ഭഗവദ്ഗീതയില്‍ പറയുന്നത്,
”ആത്മനോ ആത്മൈവ രിപു;
ആത്മനോ ആത്മൈവ ബന്ധു:”
എന്നാണ്. അവനവന്റെ മനസ്സുതന്നെയാണ് ഒരുവന്റെ ശത്രു. അതേ മനസ്സുതന്നെയാണ് അവന്റെ ബന്ധുവും ആവുന്നത്. ശത്രുവായിത്തീരുന്ന മനസ്സിനെ ബന്ധുവാക്കി മാറ്റുക, അപ്പോഴാണ് മനസ്സ് നമുക്ക് ആത്മസംതൃപ്തിയും ആത്മശക്തിയും പ്രദാനം ചെയ്യുക. അങ്ങിനെയുള്ള മനസ്സിനു മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനും കഴിയുന്നു. ഒരുവന്റെ ജീവിതത്തെ സമൂഹത്തിനും കുടുംബത്തിനും ഉതകുന്ന രീതിയില്‍ അവന്റെ മനസ്സിനെ ശുദ്ധീകരിച്ചെടുക്കുന്നതിന് അയാള്‍ നേടേണ്ടതായ ആത്മീയസമ്പത്തുക്കളെപ്പറ്റി നമ്മുടെ ഋഷിവര്യന്മാര്‍ പറഞ്ഞുതന്നിട്ടുണ്ട്. ഭാരതത്തിന്റെ ആത്മീയതയുടെ കാതല്‍, മനസ്സിനെ സമ്പന്നമാക്കുന്ന സദ് വിചാരങ്ങളാണ്. അവയെ വളര്‍ത്തിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. മനസ്സെന്ന ശക്തിവിശേഷത്തിന് നമ്മെ ദുര്‍ബ്ബലരാക്കാനും ശക്തിപ്പെടുത്താനും സാധിക്കും. ശക്തിയുള്ള മനസ്സാണ് നമ്മെ കൂടുതല്‍ കര്‍ത്തവ്യനിരതരാക്കി പ്രയോജനപ്രദങ്ങളായ കാര്യങ്ങള്‍ സ്വന്തം ആവശ്യത്തിനും സമൂഹത്തിനു വേണ്ടിയും ചെയ്യാന്‍ പര്യാപ്തരാക്കുന്നത്. ഇവിടെയാണ് നാരായണീയത്തിന്റെ പ്രസക്തി. മനുഷ്യമനസ്സിനും, അതുകൊണ്ടുതന്നെ അവന്റെ ജീവിതത്തിലെ സകലപ്രശ്‌നങ്ങള്‍ക്കും ഉള്ള ഉത്തമ ഔഷധമാണ് നാരായണീയം.
അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ ജനിച്ച മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് അതികഠിനമായ വാതരോഗ പീഡയാല്‍ യാതന അനുഭവിച്ചപ്പോള്‍ അന്നത്തെ വൈദ്യശാസ്ത്രങ്ങള്‍ക്കൊന്നും അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അവസാനത്തെ ശരണാഗതി എന്ന നിലയില്‍ അദ്ദേഹം 18,000 ശ്ലോകങ്ങളുള്ള, പന്ത്രണ്ട് സ്‌കന്ധങ്ങളുള്ള ശ്രീമദ് ഭാഗവതത്തെ പത്തോളം ശ്ലോകം വീതമുള്ള നൂറു ദശകങ്ങളില്‍, 1032 ശ്ലോകങ്ങളില്‍ ചുരുക്കി, എന്നാല്‍ മധുരമധുരമായി അവതരിപ്പിച്ചു. തന്റെയുള്ളിലുള്ള അനര്‍ഗ്ഗളഭക്തി, ഭാഗവത കഥാസ്വാദനം, തത്ത്വബോധം, അദൈ്വതദര്‍ശനം, എന്നിവ സമ്യക്കായി അവതരിപ്പിക്കവേ, തന്റെ ദേഹത്തിന് വാതരോഗമുണ്ടെന്ന കാര്യം പോലും, അദ്ദേഹം മറന്നു. മനസ്സിലെ ഭക്തിരസം, ആത്മശക്തിയായി, മനോബലമായി; അത് രോഗവിമുക്തിക്കുള്ള കാരണവുമായി മാറി. മനസ്സിനു പരിവര്‍ത്തനം വന്നാല്‍ അത് രോഗശാന്തിക്ക് സഹായകരമാകുന്നു എന്ന് ആധുനികശാസ്ത്രത്തിനുള്ള വലിയൊരു സന്ദേശമായിത്തീര്‍ന്നു നാരായണീയമെന്ന ഈ മഹാകാവ്യം. തന്നില്‍ നിറഞ്ഞുനിന്ന വേദനയെ ഒരു സാധനാകാവ്യമാക്കി ഭട്ടതിരിപ്പാട് നാരായണീയം അവതരിപ്പിക്കുമ്പോള്‍ അത് ”ആയുരാരോഗ്യസൗഖ്യം” നേടാന്‍ നമുക്ക് ലഭിച്ച ഒരുത്തമ സിദ്ധൗഷധമാണ് .
ശുദ്ധവും, അതിസുന്ദരവുമായ പ്രൗഢസംസ്‌കൃതത്തില്‍ രചിച്ച ഈ കാവ്യത്തിന് ഇന്ന് ഭക്തജനങ്ങളുടെയിടയില്‍ വളരെ വലിയ സ്വാധീനമുണ്ടെങ്കിലും നാരായണീയത്തിന്റെ അര്‍ത്ഥം അറിഞ്ഞ് പാരായണം ചെയ്യുക അത്ര എളുപ്പമല്ല. സാധാരണക്കാരായ ആളുകള്‍ക്ക് ഒരു വായനയില്‍ത്തന്നെ സംസ്‌കൃതത്തിലുള്ള മൂലശ്ലോകത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ സഹായിക്കുന്ന വിധം അവതരിപ്പിച്ചിരിക്കുകയാണ് ഭൗതികശാസ്ത്രമണ്ഡലങ്ങളില്‍ വിരാജിക്കുമ്പോഴും ആദ്ധ്യാത്മിക ചിന്തയിലും പഠനങ്ങളിലും മുഴുകി കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന ഡോ. എ. പി. സുകുമാര്‍. ശ്രീമദ് ഭാഗവതം, ശ്രീമദ് ദേവീഭാഗവതം, യോഗവാസിഷ്ഠം എന്നിവ നിത്യപാരായണത്തിനായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ് ഡോ. സുകുമാര്‍ കാനഡ.
പ്രതികരിക്കാൻ ഇവിടെ എഴുതുക