കൊല്‍ക്കത്ത: ഭാരത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ നിശ്ചയിച്ചു. ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു. ഈ സീസണ്‍ രഞ്ജി മത്സരങ്ങള്‍ അവസാനിക്കുന്ന മുറയ്‌ക്ക് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി.
ക്രിക്കറ്റിലെ വിലമതിക്കപ്പെടുന്ന യാത്രയ്‌ക്ക് ഒടുവില്‍, ഇത് എന്റെ അവസാന സീസണ്‍ ആയിരിക്കുന്നു. റിട്ടയര്‍ ചെയ്യും മുമ്പ് അവസാനമായി ബംഗാളിനെ പ്രതിനിധീകരിച്ച് കളിക്കുന്നതില്‍ അഭിമാനിക്കുന്നു- സാഹ കുറിച്ചു.
40കാരനായ സാഹ ഭാരതത്തിനായി 40 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. 1353 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു. 117 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ഒമ്പത് ഏകദിനങ്ങളില്‍ ഭാരതത്തിനായി നീല കുപ്പായമണിഞ്ഞിട്ടുണ്ട്.
2007ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു തുടങ്ങിയ സാഹ തുടര്‍ച്ചയായി 15 വര്‍ഷം ബംഗാള്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. തുടര്‍ന്് തൃപുര ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന മെന്റര്‍ കൂടിയായാണ് സാഹ തുടര്‍ന്നുവന്നത്. സാഹയുടെ ഈ വിധത്തിലുള്ള സാന്നിധ്യം തൃപുരയ്‌ക്ക് വലിയ തോതില്‍ ഗുണം ചെയ്തു. പിന്നീട് മുന്‍ ബിസിസിഐ അധ്യക്ഷനും ഭാരതത്തിന്റെ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ ഇടപെടലിന്റെ ഫലമായി ഈ സീസണില്‍ തിരികെ ബംഗാള്‍ ക്രിക്കറ്റിലെത്തി. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യമായി ഐപില്‍ കിരീടം നേടുമ്പോള്‍ സാഹ ടീമിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: