മുഡ ഭൂമി കുഭകോണക്കേസില്‍ നവംബർ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് ലോകായുക്ത പോലീസ് സമൻസ് അയച്ചു. “അതെ, മൈസൂർ ലോകായുക്ത മുഡ സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. നവംബർ ആറിന് ഞാൻ മൈസൂർ ലോകായുക്തയിലേക്ക് പോകും, ”മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേസിലെ പ്രതി കൂടിയായ ഭാര്യ പാർവതിയെ ഒക്ടോബർ 25ന് ലോകായുക്ത ചോദ്യം ചെയ്തിരുന്നു. ടിജെ എബ്രഹാം എന്ന വിവരാവകാശ പ്രവർത്തകനാണ് സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്‌ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.
മുഡ ഭൂമി തട്ടിപ്പു കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയോട് കര്‍ണാടകയിലെ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലോകായുക്തയോട് കോടതി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: