കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 87 ദിവസങ്ങൾക്ക് ശേഷം കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരെ സിറ്റി കോടതി തിങ്കളാഴ്ച കുറ്റം ചുമത്തി.
പശ്ചിമ ബംഗാളിലെ സീൽദാ കോടതിയാണ് പ്രതിയായ സഞ്ജയ് റോയിക്കെതിരെ 103(1), 64, 66 ഭാരതീയ ന്യായ് സംഹിത എന്നീ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയത്. കേസിന്റെ ദൈനംദിന വിചാരണ നവംബർ 11 മുതൽ ആരംഭിക്കുമെന്നും കോടതി അറിയിച്ചു.
ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 66 (മരണത്തിന് കാരണമാകുന്നതിനോ സ്ഥിരമായ മസ്തിഷാഘാതം ഉണ്ടാക്കുന്നതിനോ ഉള്ള ശിക്ഷയുമായി ബന്ധപ്പെട്ടത്) 103 (കൊലപാതകത്തിനുള്ള ശിക്ഷ) പ്രകാരമാണ് റോയിക്കെതിരെ കേസെടുത്തിരിക്കുന്നത്.
“ഞാൻ ഒന്നും ചെയ്തിട്ടില്ല. ഈ ബലാത്സംഗ-കൊലപാതക കേസിൽ എന്നെ കുടുക്കിയിരിക്കുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഗവൺമെൻ്റ് എന്നെ ഫ്രെയിമിലെത്തിക്കുകയും വായ തുറക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു” കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ സഞ്ജയ് റോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ മാസം സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) റോയിയാണ് കേസിലെ “ഏക പ്രധാന പ്രതി” എന്ന് കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്. പിന്നാലേ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു, ഇത് രാജ്യത്തുടനീളം പ്രതിഷേധത്തിനു കാരണമായിരുന്നു.
ഇരയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിൽ ഉടനീളം ഡോക്ടർമാർ ആഴ്ചകളോളം പണിമുടക്ക് നടത്തി, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്‌ക്കായി ആശുപത്രികളിലും മെഡിക്കൽ സൗകര്യങ്ങളിലും കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിന് ശേഷം നീതി വൈകുന്നതിന് പശ്ചിമ ബംഗാൾ സർക്കാരിനെയും മുഖ്യമന്ത്രി മമത ബാനർജിയെയും കുറ്റപ്പെടുത്തി, വലിയ ഗൂഢാലോചനയും ഒളിച്ചുകളിയുമാണ് നടന്നതെന്ന് ഇരയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: