അമല നഗര്‍: പൊതുജനങ്ങള്‍ക്ക് പ്രഭാത സവാരിക്കായി വിലങ്ങന്‍കുന്ന് ഇനി തെരഞ്ഞെടുക്കാം. പ്രഭാത സവാരിക്കായി രാവിലെ ആറ് മുതല്‍ എട്ടുവരെ സൗജന്യമായി തുറന്ന് കൊടുക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി.
ജീവിത ശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യവും ശാരീരികക്ഷമതയും വര്‍ദ്ധിപ്പിക്കാനും മാനസികമായ ഉല്ലാസത്തിനും വേണ്ടിയാണ് പ്രദേശത്തെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്ന് കൊടുത്തുകൊണ്ടുള്ള അനുമതി നല്‍കിയത്. നിലവില്‍ ഒരു ക്ലബ്ബിന് മാത്രമായിരുന്നു പ്രഭാത സവാരിക്ക് അനുമതി ഉണ്ടായിരുന്നത്.
80 മീറ്ററോളം പൊക്കമുള്ള ഈ കുന്ന് തൃശ്ശൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ നഗരസൗന്ദര്യവും ചുറ്റുപാടുമുള്ള ഉപനഗരങ്ങളുടെ പ്രകൃതിരമണീയതയും ഒരേപോലെത്തന്നെ ഈ കുന്നിൻ മുകളിൽ നിന്ന് കാണാവുന്നതാണ്. വിനോദസഞ്ചാരികൾക്കായി ഇവിടെ ഒരു ഔട്ട് ഡോർ തിയ്യറ്ററും ഉണ്ട്. കുട്ടികൾക്കായി ഒരു ചെറിയ പാർക്കും. അടാട്ട് ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമാണ് നവീകരണ പദ്ധതികൾ നടത്തുന്നത്.
തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്കുകിഴക്ക്, വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഇങ്ങനെ ഏത് കോണിൽ നിന്ന് നോക്കിയാലും പ്രേക്ഷകന് മുന്നിൽ ഈ കുന്ന് വിലങ്ങനെയാണ് കാണപ്പെടുന്നത്. അതു തന്നെയായിരിക്കണം ഈ കുന്നിന് ‘വിലങ്ങൻ കുന്ന്’ എന്ന് പേര് ലഭിക്കാനുള്ള കാരണം. 8 കിലോമീറ്റർ ചുറ്റളവിൽ പൊങ്ങി നിൽക്കുന്ന ഈ കുന്നിന്റെ ഉപരിതല വിസ്തീർണം 5 ഏക്കറോളം വരും. പണ്ടുകാലത്ത് തുറസ്സായ ഭൂമിയായിരുന്ന ഇത് സമീപവാസികളുടെ ആടുമാടുകൾക്കുള്ള മേച്ചിൽ സ്ഥലമായിരുന്നു. ഔഷധസസ്യങ്ങളാൽ സമ്പന്നമാണ് ഇവിടം.
രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധാവശ്യത്തിനായി ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. അന്ന് സഞ്ചാര ആവശ്യത്തിലേക്ക് ഇവിടെ സ്ഥാപിക്കപ്പെട്ട റോഡ് ഇന്നും നിലനിൽക്കുന്നു. കലാസാംസ്കാരിക പരിപാടികൾ നടത്തുന്നതിനായി ഒരു ഓപ്പൺ സ്റ്റേജ്. കുടുംബശ്രീയുടെ കാന്റീൻ, വിലങ്ങൻ ട്രക്കേഴ്സ് പ്രവർത്തകർ നട്ടുവളർത്തുന്ന അശോകവനം തുടങ്ങിയവ കുന്നിന്റെ മുകളിൽ കാണാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: