ഭുവനേശ്വര്‍: ലോക ഗെയിംസില്‍ സ്വര്‍ണമെഡലുമായി മടങ്ങിയത്തിയ ഫുലയ്ക്ക് അവളുടെ ഗോത്രവര്‍ഗ ഗ്രാമം ഒരുക്കിയത് രാജകീയ വരവേല്പ്.
ബര്‍മിങ്ഹാമില്‍ ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന്റെ (ഐബിഎസ്എ) ലോക ഗെയിംസിലാണ് ഫുലയും കൂട്ടുകാരും വിസ്മയ വിജയം സ്വന്തമാക്കിയത്. പട്ടിണിയോടും കാഴ്ചപരിമിതിയോടും പടവെട്ടിയാണ് ഫുല സോറന് ഭാരത കാഴ്ച്ച പരിമിത വനിതാ ക്രിക്കറ്റ് ടീമിന്റെ ഉപനായികയായി ഫുല സോറന് ഉയരുന്നത്.
കാഴ്ച വൈകല്യമുള്ള ഫൂലയുടെ ജീവിതം അവളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെ സാധാരണമായിരുന്നില്ല. ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ റെമുന സലബാനി ഗോത്രവര്‍ഗ ഗ്രാമത്തില്‍ നിന്നാണ് പതിനേഴുകാരി ഫുല സോറന്റെ വരവ്. കൈക്കുഞ്ഞായിരിക്കെ അമ്മയെ നഷ്ടപ്പെട്ട ഫുല വളര്‍ന്നത് ഗ്രാമത്തിലെ എല്ലാ അമ്മമാരുടെയും വാത്സല്യമേറ്റുവാങ്ങിയാണ്.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഞാന്‍ കളിച്ചിട്ടുണ്ട്. നിരവധി പ്ലെയര്‍ ഓഫ് ദ മാച്ച്, പ്ലയര്‍ ഓഫ് ദി സീരീസ് അവാര്‍ഡുകളും നേടി.. ക്രിക്കറ്റ് എനിക്ക് ഒരു ഐഡന്റിറ്റി തന്നു. ആളുകള്‍ ഇപ്പോള്‍ എന്നെയും എന്റെ അച്ഛനെയും തിരിച്ചറിയുന്നു. ഫുലയുടെ അച്ഛന് എന്ന് വിളിക്കുന്നത് കേള്‍ക്കുന്നത് അദ്ദേഹത്തിന് വലിയ അഭിമാനമാണ്. അത് അറിയുന്നതിന്റെ ആനന്ദം പറഞ്ഞറിയിക്കാനാവില്ല, ഫുല സോറന് മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയുടെ മരണശേഷം അച്ഛന് ട്യൂണ സോറന് കഠിനാധ്വാനം ചെയ്താണ് അവളെ വളര്‍ത്തിയത്. എന്റെ കുട്ടി എനിക്ക് അഭിമാനമാണ്. കുറവുകളുണ്ടെങ്കില്‍ അവള് ബഹുമുഖ പ്രതിഭയാണ്. പഠനത്തിലും കായികരംഗത്തും മിടുക്കിയാണ്. പോയ എല്ലാ ഇടങ്ങളിലും അവള് ഒഡീഷയുടെ പേരുയര്‍ത്തി. ഈ വളര്‍ച്ച കാണാന്‍ അവളുടെ അമ്മ കൂടി ഒപ്പമുണ്ടാകണമായിരുന്നു, ട്യൂണ പറഞ്ഞു.
കുട്ടിക്കാലത്ത് ചേര്‍ന്ന അന്ധവിദ്യാലയത്തില്‍ നിന്നാണ് ഫുല ക്രിക്കറ്റ് യാത്ര ആരംഭിച്ചത്. ഭുവനേശ്വര്‍ രമാദേവി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയാണിപ്പോള്‍ ഫുല സോറന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: