ന്യൂദല്‍ഹി: ജില്ലാ ജഡ്ജിയുടെ നിർദ്ദേശപ്രകാരം ഗാസിയാബാദിൽ അഭിഭാഷകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ അഭിഭാഷകര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡൽഹി ബാർ അസോസിയേഷനുകളുടെ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. പോലീസ് നടപടിയെ അപലപിച്ച കമ്മിറ്റിയിലെ അഭിഭാഷകൻ ജഗ്ദീപ് വാട്‌സ് കോടതി മുറിക്കുള്ളിൽ അഭിഭാഷകർക്ക് നേരെ നടത്തിയ ലാത്തി ചാർജ് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.
ഗാസിയാബാദ് കോടതി വളപ്പിൽ അഭിഭാഷകർക്കെതിരായ പോലീസ് അതിക്രമത്തെ സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) നേരത്തെ അപലപിച്ചിരുന്നു. ഇത് അവകാശങ്ങളുടെയും നിയമവാഴ്ചയുടെയും കടുത്ത ലംഘനമാണെന്നും അവര്‍ പറഞ്ഞു.
ജില്ലാ സെഷൻസ് ജഡ്ജി അനിൽ കുമാറിന്റെ നിർദേശപ്രകാരമുള്ള യുപി പോലീസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും നീതിന്യായ വ്യവസ്ഥയുടെ സമഗ്രതയെ ഹനിക്കുന്നതാണെന്നും അസോസിയേഷൻ വിമർശിച്ചു. അഭിഭാഷകരുടെ അന്തസ്സിനു നേരെയുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) പറഞ്ഞു. സമീപകാല സംഭവങ്ങളോടുള്ള പ്രതികരണമായി, അലഹബാദ് ഹൈക്കോടതിയോടും ഉത്തർപ്രദേശ് സർക്കാരിനോടും ഉടനടി നടപടിയെടുക്കാൻ എസ്‌സിബിഎ അഭ്യർഥിച്ചു.
അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസും ഗാസിയാബാദിന്റെ ഉത്തരവാദിത്തമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജിയും ഉൾപ്പെടെയുള്ള ഒരു സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അനിൽ കുമാറിന്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എസ്‌സിബിഎ ആവശ്യപ്പെട്ടു. ലാത്തി ചാർജ് സംഭവത്തിൽ ഉൾപ്പെട്ട അനിൽകുമാറിനെയും പോലീസ് ഉദ്യോഗസ്ഥരെയും ഉടൻ പിരിച്ചുവിടണമെന്നും പരിക്കേറ്റ അഭിഭാഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും എസ്‍സിബിഎ ആവശ്യപ്പെട്ടു.
ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, അഭിഭാഷകർക്കും അവരുടെ കുടുംബങ്ങൾക്കും അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള സംരക്ഷണ നടപടികൾ ആവശ്യമുണ്ട്. അഭിഭാഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഭീഷണിയോ ഉപദ്രവമോ ഭയക്കാതെ അവർക്ക് തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും എല്ലാ സംസ്ഥാന ബാർ കൗൺസിലുകളോടും എസ്‍സിബിഎ അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: