എ.കെ.അനില്‍കുമാര്‍
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത
ഒരുപറ്റം കഥകള്‍
ബാക്കിവച്ചിട്ടാണ്
മുത്തശ്ശി പോയത്.
ഒരുകാലത്തും
മുത്തശ്ശിയുടെ കഥകള്‍ കേള്‍ക്കാന്‍
ആരുമുണ്ടായിരുന്നില്ല;
മഴയൊഴിച്ച്.
സന്ധ്യാനേരത്ത്
ഉമ്മറത്തിണ്ണയില്‍
ചുമരുംചാരി മുത്തശ്ശി
കഥയുടെ കെട്ടുകള്‍ പരതുമ്പോള്‍
മുറ്റത്തേക്ക്
ഒരു കുഞ്ഞുമഴ
പടികയറിവരും.
മുത്തശ്ശിയുടെ കാല്‍വിരലുകള്‍ തൊട്ട്
കഥകള്‍ക്കായി
കാതുകൂര്‍പ്പിക്കും.
മഴയ്‌ക്ക് കേള്‍ക്കാന്‍ പാകത്തില്‍
ശബ്ദം താഴ്‌ത്തി
മുത്തശ്ശി കഥകള്‍ പറയും.
കഥകള്‍ കേട്ടുകേട്ട്
മുത്തശ്ശിയുടെ വിരലില്‍ തഴുകി
മഴയും അവിടെ കൂട്ടുകിടക്കും.
ഒടുവില്‍
മുത്തശ്ശി യാത്രയാവുന്ന ദിവസവും
മഴ ആ മുറ്റത്തുണ്ടായിരുന്നു;
തലേന്ന് മുത്തശ്ശി
പാതിവഴിക്കു നിര്‍ത്തിയ
ആ കഥയുടെ ബാക്കിപത്രത്തിന്റെ
മൂകസാക്ഷിയായി.
പിന്നീട്
മുത്തശ്ശി ബാക്കിവെച്ച
കേട്ടിട്ടും കേട്ടിട്ടും തീരാത്ത
ഒരുപറ്റം കഥകളുടെ
നൊമ്പരങ്ങളും കൂടെക്കൂട്ടി
മഴയും പടിയിറങ്ങിപ്പോയി.
പിന്നീടൊരിക്കലും മഴ
ആ മുറ്റത്തേക്ക്
വന്നതേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: