ഏതാണ്ട് ഒന്നേമുക്കാല്‍ നൂറ്റാണ്ട് മുന്‍പ് എഴുതിയ ഒരു കഥയുണ്ട്. ഹെര്‍മന്‍ മെല്വിന് എന്ന മഹാസാഹിത്യകാരന് എഴുതിയ ‘മോബിഡിക്’. ആഴിയുടെ അഗാധതയില്‍ മദിച്ചു പുളയ്ക്കുന്ന തിമിംഗലങ്ങളെ അതിക്രൂരമായി വേട്ടയാടുന്നതിന്റെ ഭീകരചിത്രമാണ് ഹെര്‍മന്‍ മെല്‍വില്‍ മോബിഡിക്കില്‍ വരച്ചിട്ടത്. ഒരു തിമിംഗലത്തെ വേട്ടയാടി പിടിക്കാനുള്ള ശ്രമത്തില്‍ ജീവന് പൊലിയുന്ന പാവം വേട്ടക്കാരുടെ കൂടി കഥയാണിത്. തിമിംഗല വേട്ടക്കപ്പലില്‍ വര്‍ഷങ്ങളോളം അതിസാഹസികമായി പണിയെടുത്ത അനുഭവസമ്പത്തായിരുന്നു ഹെര്‍മന്റെ നോവലിന് ആധാരമായത്.
ക്രൂരതയുടെ ആള്‍രൂപമായ ക്യാപ്റ്റന്‍ അഹാബ് എന്ന കപ്പിത്താനാണ് നോവലിലെ നായകന്. തന്റെ കാലുകള്‍ കടിച്ചു പറിച്ചെടുത്ത് ജീവിതം തുലച്ച വെള്ളത്തിമിംഗലത്തെ കണ്ടെത്തി ചാട്ടുളിയില്‍ കുരുക്കുകയാണ് അയാളുടെ ജീവിതലക്ഷ്യം. കഥയിലെ പ്രതിനായകന് സാക്ഷാല്‍ വെള്ളത്തിമിംഗലം തന്നെ. അതിനവര്‍ നല്കിയ പേരാണ് ‘മോബിഡിക്.’ തന്റെ വേട്ടക്കപ്പലായ ‘പിക്കോഡി’ല്‍ കടലായ കടലൊക്കെ പലവട്ടം അലഞ്ഞ ക്യാപ്റ്റന്‍ അഹാബിന്, പക്ഷേ തന്റെ ലക്ഷ്യം നേടാനായില്ല. അയാള്‍ പലവട്ടം മോബിഡിക്കുമായി ഏറ്റുമുട്ടി. കപ്പല്‍ തകര്‍ന്നു. കൂടെയുളള വേട്ടക്കാര്‍ എത്രയോപേര്‍ മുങ്ങി മരിച്ചു. അഹാബ് ആഞ്ഞെറിഞ്ഞ ചാട്ടുളികള്ക്കൊന്നും മോബിഡിക്കിനെ കൊല്ലാനായില്ല. ഒടുവില്‍ ഒരു ഭീകരമായ ഏറ്റുമുട്ടലില്‍ താന്‍ എറിഞ്ഞ ചാട്ടുളിയുടെ കയറില്‍ കുരുങ്ങിയ അഹാബ്, മോബിഡിക്കിനൊപ്പം കടലാഴങ്ങളിലേക്ക് മറയുന്നിടത്ത് കഥ അവസാനിക്കുന്നു. കലിപൂണ്ട തിമിംഗലത്തിന്റെ ആക്രമണത്തില്‍ വേട്ടക്കപ്പലും തകര്‍ന്ന് തരിപ്പണമാവുന്നു.
തിമിംഗലവേട്ട കാണാന്‍ വേട്ടക്കപ്പലില്‍ തിരിച്ച ഇസ്മയില്‍ എന്ന സ്കൂള്‍ മാഷ് മാത്രമാണ് ആ ദുരന്തത്തില്‍ രക്ഷപ്പെട്ടത്. മോബിഡിക്കിന്റെ കഥ നമ്മോടു പറയുന്നതും ഇസ്മയില്തന്നെ. ഇസ്മയില്‍ എന്നാല്‍ കഥാകൃത്ത്. സ്വപ്നത്തില്‍പോലും കാണാത്ത സ്ഥലികളെക്കുറിച്ച് കേട്ട് എഴുതുന്ന കഥാകാരന്മാരുടെ കാലത്ത് ഹെര്‍മന്റെ അതിസാഹസം നമ്മെ ത്രസിപ്പിക്കുന്നതുതന്നെയാണ്. അതാണ് മോബിഡിക്കിനെ ശ്രദ്ധേയമാക്കുന്നതും. അഹാബും ചാട്ടുളിവിദഗ്ധനായ സ്റ്റാര്ബക്കും, ക്വിക്വിജുമൊക്കെ നമ്മുടെ മനസില്‍ തങ്ങിനില്ക്കുമെന്നതിന് സംശയമില്ല. പക്ഷേ ഈ കഥ വരച്ചുകാട്ടുന്നത് നാം മറക്കാതിരിക്കുക. രണ്ട് നൂറ്റാണ്ടിനപ്പുറം മുതല്‍ കണ്ണില്‍ ചോരയില്ലാതെ നടത്തിവന്ന തിമിംഗല വേട്ടയുടെ ക്രൂരകഥ. സ്പേം തിമിംഗലങ്ങളെയാണ് അന്ന് വേട്ടക്കാര്‍ കൂടുതലായി ലക്ഷ്യംവെച്ചത്. വിലയേറിയ സ്പെര്മസെറ്റി, സ്പേം തൈലം, അംബര്‍ഗ്രീസ് എന്നിവയ്ക്ക് അന്ന് ലോകമെങ്ങും ആവശ്യക്കാരായിരുന്നു. തിമിംഗലത്തിന്റെ തൊലിക്കടിയില്‍ സ്ഥിതിചെയ്യുന്ന കൊഴുപ്പുകട്ടികളുടെ കലവറയായ ‘ബ്ലബര്‍’ ആയിരുന്നു മറ്റൊരു ആകര്‍ഷണം. ലോകമെമ്പാടുമുള്ള എണ്ണവിളക്കുകള്‍ പ്രകാശിക്കുന്നതിന് അന്ന് തിമിംഗല എണ്ണ അത്യന്താപേക്ഷിതമായിരുന്നുവെന്നതും നാം അറിയുക.
വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് തിമിംഗലവേട്ട. കൊന്നൊടുക്കുന്ന തിമിംഗലത്തിന്റെ തൊലി പൊളിച്ചെടുക്കുന്നതും എണ്ണയും കൊഴുപ്പുമൊക്കെ സംഭരിക്കുന്നതും കപ്പലിലെ പ്രത്യേക അറകളില്‍ സജ്ജമാക്കിയ വമ്പന്‍ വീപ്പകളിലായിരുന്നു.
നൂറ്റാണ്ടുകള്‍ നീണ്ട തിമിംഗല വേട്ടക്ക് കൂച്ചുവിലങ്ങിടാന്‍ ആരും തയ്യാറായിരുന്നില്ല. എല്ലാവര്ക്കും തിമിംഗലത്തില്നിന്നെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ അത്യന്താപേക്ഷിതമായിരുന്നു. ഫലം ലോകമെങ്ങുമുള്ള കടലുകളില്‍ തിമിംഗലങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. ചിലയിനം തിമിംഗലങ്ങള്‍ വംശനാശത്തെ അഭിമുഖീകരിച്ചു. കടലിലെ ജൈവ വൈവിധ്യം നശിക്കാനും തിമിംഗലങ്ങളുടെ ഈ കൂട്ടക്കൊല കാരണമായി. കടലിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കുന്നതിലും ജൈവ സന്തുലനം നിലനിര്‍ത്തുന്നതിലും ഏറെ പങ്ക് വഹിച്ച തിമിംഗലങ്ങള്‍ കൂട്ടത്തോടെ ഇല്ലാതായത് പ്രകൃതിസ്നേഹികളെ ഏറെ ഉത്കണ്ഠാകുലരാക്കി. ഒരിക്കല്‍ ലോകത്തെ പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയില് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരുന്ന തിമിംഗല വേട്ട അഥവാ ‘വേലിംങ്’ വ്യവസായം സമുദ്ര ആവാസവ്യവസ്ഥയെ തകിടം മറിച്ചു.
ഇരുപതാം നൂറ്റാണ്ടില്‍ മാത്രം 30 ലക്ഷം തിമിംഗലങ്ങള്‍ വേട്ടക്കാരുടെ ചാട്ടുളിയില്‍ കൊല്ലപ്പെട്ടുവത്രേ. നോര്വീജിയക്കാരായിരുന്നു ആദ്യകാല തിമിംഗല വേട്ടക്കാര്‍. അവരുടെ ആദ്യ ഇര റൈറ്റ് തിമിംഗലങ്ങളും. അവയുടെ തൊലിക്കടിയില്‍ സ്ഥിതിചെയ്യുന്ന ബ്ലബറിന്റെ കട്ടിപ്പാളിയും സഞ്ചാരത്തിലെ അലസതയും ആണ് വേട്ടക്കാരുടെ ആദ്യ ഇരകളായി റൈറ്റ് തിമിംഗലങ്ങളെ മാറ്റിത്തീര്‍ത്തത്. റൈറ്റ് തിമിംഗലത്തിനു പുറമെ സ്പേം, ബോ ഹെഡ്, ബലീല്‍ തിമിംഗലങ്ങളും വേട്ടക്കാരുടെ ചാട്ടുളിക്ക് ഏറെ പ്രിയതരമായിരുന്നു. തിമിംഗലക്കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായി വേട്ടക്കാര്‍ കണ്ടിരുന്നത് സ്പേം തിമിംഗലങ്ങളെയായിരുന്നു. അവയുടെ തലയിലാണല്ലോ സ്പെര്മാറ്റി എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പു കലര്‍ന്ന മെഴുക് (ഫാറ്റി ലിക്വിഡ് വാക്സ്) ഏറ്റവുമധികം കാണപ്പെട്ടിരുന്നതും. 1856 ല്‍ ഒരു ഗ്യാലന് തിമിംഗല എണ്ണയ്ക്ക് 1.77 ഡോളര്‍ ആയിരുന്നു വില എന്നും അറിയുക. ഇന്നത്തെ മൂല്യം വച്ച് കണക്കാക്കിയാല്‍ 62 ഡോളര്‍.
പതിനാറ്-പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളില്‍ തിമിംഗലവേട്ട അതിവേഗം നടന്നു. കയ്യില്‍ ഉയര്‍ത്തിയ ചാട്ടുളികളുമായി വേട്ടക്കാര്‍ കടലുകളില്‍ പാഞ്ഞുനടന്നു. ചിലര്‍ തിമിംഗലത്തെ പിടിച്ചു. ചിലര്‍ ആ ശ്രമത്തില്‍ കടലിലൊടുങ്ങി. അന്ന് പ്രാകൃതമായ ചാട്ടുളി അഥവാ ഹാര്‍പ്പൂണുകള്‍ ആയിരുന്നു വേട്ടക്കാരുടെ ആയുധമെങ്കില്‍, കാലം പുരോഗമിച്ചതോടെ അത്യാധുനിക വേട്ടക്കപ്പലുകള്‍ നീറ്റിലിറങ്ങി. തിമിംഗലങ്ങളെ കണ്ടെത്താന്‍ സോണാര്‍ സാങ്കേതികവിദ്യ വന്നു. ഒറ്റ ചാണ്ടിന് തിമിംഗലങ്ങളെ കൊല്ലാന്‍ കരുത്തുറ്റ യന്ത്ര ചാട്ടുളികള്‍ വന്നു.
തിമിംഗലങ്ങളെ കൂട്ടത്തോടെ ക്രൂരമായി കൊന്ന് സമുദ്രത്തിലെ ജൈവ സന്തുലനം തകര്‍ക്കുന്നവര്‍ക്കെതിരെ 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കെ ജനരോഷം ഉയര്‍ന്നു. അതിന്റെ ഫലമായിരുന്നു, തിമിംഗലവേട്ടയ്ക്ക് മൂക്കുകയറിടാന്‍ ലക്ഷ്യമിട്ട് ‘ഇന്റര്‍നാഷണല്‍ വേലിങ് കമ്മീഷന്’ രൂപമെടുത്തത്. അവര്‍ തിമിംഗലവേട്ടക്ക് 1986 ല്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. ലോകത്തെ 88 രാജ്യങ്ങള്‍ അംഗങ്ങളായി രൂപീകരിച്ച ഇന്റര്‍നാഷണല്‍ വേലിങ് കമ്മീഷന് വേട്ട വിലക്കി. അതിന് സബ്സിഡി നല്‍കിവന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. പക്ഷേ…
മൂന്ന് രാജ്യങ്ങള്‍ കമ്മീഷനെ വകവച്ചില്ല. നോര്‍വെ, ജപ്പാന്, ഐസ്ലാന്റ് എന്നീ മൂന്ന് രാജ്യങ്ങള്‍… മോറട്ടോറിയം നിലവില്‍ വന്നതിനുശേഷം മാത്രം നോര്‍വെ 15000 തിമിംഗലങ്ങളെ കൊന്നുവെന്നാണ് ഔദ്യോഗിക കണക്ക്.
കമ്മീഷന് നിലവില്‍ വന്ന് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ജപ്പാന് അതില്‍നിന്ന് പിന്‍വാങ്ങി. തങ്ങള്‍ ശാസ്ത്രപരമായ ആവശ്യങ്ങള്‍ക്കായി വേട്ട തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. നോ
ര്‍വെ, കമ്മീഷനില്‍ അംഗമായി തുടര്‍ന്നുകൊണ്ടുതന്നെ ‘ശാസ്ത്ര-ഗവേഷണ ആവശ്യങ്ങള്‍ക്കായി’ വേട്ട തുടരുന്നു. ഐസ്ലാന്റ് 1992 ല്‍ ഇന്റര്‍നാഷണല്‍ വേലിങ് കമ്മീഷനില്‍നിന്ന് രാജിവച്ച് തിമിംഗലവേട്ട തുടരുന്നു. ജപ്പാന് തിമിംഗല വേട്ട നടത്തുന്നത് ശാസ്ത്രീയ-ഗവേഷണ ആവശ്യങ്ങള്ക്കല്ലായെന്ന് 2014 ല്‍ ലോക കോടതി (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) വിധിച്ചു. ഉടന്‍ വേട്ട നിര്‍ത്താനായിരുന്നു ഉത്തരവ്. പക്ഷേ ജപ്പാന് കേട്ട ഭാവം വച്ചില്ല. തങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കും വേട്ട തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. നാട്ടില്‍ പലേടത്തും സ്ഥാപിച്ച വെന്‍ഡിങ് യന്ത്രങ്ങള്‍ മുഖേന അവര്‍ നാട്ടുകാര്‍ക്ക് തിമിംഗല ഇറച്ചി വിറ്റുവരുന്നു.
തിമിംഗല ഇറച്ചി മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്നും അതില്‍ അമിത അളവില്‍ മെര്‍ക്കുറി അഥവാ രസം അടങ്ങിയിരിക്കുന്നുവെന്നും വന്ന റിപ്പോര്‍ട്ട് പോലും ജപ്പാനെ പിന്തിരിപ്പിക്കാന് പര്യാപ്തമായില്ല എന്നതാണ് ഖേദകരം. ജപ്പാനില്‍ വില്‍ക്കാന്‍വച്ച തിമിംഗല മാംസത്തിന്റെ 341 സാമ്പിളുകള്‍ പരിശോധിച്ച ‘എന്വയണ്മെന്റല് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി’ പറയുന്നതിങ്ങനെ- തങ്ങള്‍ പരിശോധിച്ച സാമ്പിളുകളില്‍ 56 ശതമാനത്തിലും കൂടിയ അളവ് മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: