തിരുവനന്തപുരം: സ്വാതിതിരുനാള്‍ സ്വയം ചിട്ടപ്പെടുത്തിയ കൃതികള്‍ക്ക് പുനര്‍ജനി നല്‍കുകയാണ് സ്വാതിമുദ്ര എന്ന പുസ്തകം. അദ്ദേഹം രചിച്ച കൃതികള്‍ക്ക് സ്വാതിതിരുനാള്‍ തന്നെ സ്വരസ്ഥാനങ്ങള്‍ ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളാണ് സ്വാതിമുദ്ര എന്ന പുസ്തകത്തില്‍ ഉള്ളത്.
സംഗീതജ്ഞന്‍ കൂടിയായ അജിത് തമ്പൂതിരിയാണ് ഈ ബൃഹദ് കൃതിക്ക് പിന്നില്‍. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളെജില്‍ പ്രമുഖര്‍ ചേര്‍ന്നാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.
സ്വാതിതിരുനാളിന്റെ പല കൃതികളും കര്‍ണ്ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപ്പെടുത്തിയതാണെന്ന വാദം ഒരു കാലത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വാതിതിരാനുള്ളിന്റെ കൃതികള്‍ ആധികാരികമായി കണ്ടെടുക്കുകയാണ് അജിത് നമ്പൂതിരി ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. 1200ലേറെ പേജുകള്‍ അടങ്ങിയതാണ് ഈ പുസ്തകം.
സ്വാതിതിരുനാള്‍ കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അജിത് നമ്പൂതിരി വര്‍ഷങ്ങളായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് ഈ കൃതി രൂപം കൊണ്ടത്. സ്വാതിതിരുനാള്‍ തന്റെ കൃതികളെ എങ്ങിനെയാണ് ചിട്ടപ്പെടുത്തിയത്, അതിന്റെ യഥാര്‍ത്ഥ ഈണം എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കുന്നവര്‍ക്ക് വലിയൊരു നിധി തന്നെയാണ് ഈ പുസ്തകം. സംസ്കൃതം, മണിപ്രവാളം,ഡെക്കാനി, ബ്രജ് ഭാഷ എന്നിവയിലാണ് അദ്ദേഹം പദങ്ങളും ഉത്സവപ്രബന്ധങ്ങളും രചിച്ചിട്ടുള്ളത്. കര്‍ണ്ണാടക, തെലുങ്ക് ഭാഷകളില്‍ വിരലില്‍ എണ്ണാവുന്ന കൃതികളേ രചിച്ചിട്ടുള്ളൂ.
ഒരിയ്‌ക്കല്‍ ആകാശവാണിയിലെ ഒരു സംഗീതപരിപാടിയ്‌ക്ക് അജിത് നമ്പൂതിരി ശെമ്മാങ്കുടിയെ ക്ഷണിക്കാന്‍ ചെന്നതില്‍ നിന്നാണ് വഴിത്തിരിവുണ്ടായത്. സ്വാതിതിരുനാള്‍ രചിച്ച കൃതി എങ്ങിനെയായിരിക്കും എന്ന് തിരക്കിയ അജിത് നമ്പൂതിരിയോട് പണ്ട് പുറത്തിറങ്ങിയ ബാലാമൃതം എന്ന പുസ്തകത്തില്‍ സ്വാതിതിരുനാളിന്റെ കൃതിയുടെ ട്യൂണ്‍ ഉണ്ടെന്നും രംഗനാഥയ്യര്‍ അത് ചിട്ടപ്പെടുത്തിയിരുന്നെന്നും താന്‍ അതില്‍ കുറെ പരിഷ്കാരങ്ങള്‍ വരുത്തിയെന്നും ശെമ്മാങ്കുടി അജിത് നമ്പൂതിരിയോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബാലാമൃതം എന്ന 1917ല്‍ രചിക്കപ്പെട്ട പുസ്തകം തേടിപ്പിടിച്ച് കണ്ടെത്തിയാണ് അജിത് നമ്പൂതിരി സ്വാതിതിരുനാളിന്റെ രചനകള്‍ക്ക് സ്വാതിതിരുനാള്‍ മനസ്സില്‍ സങ്കല്‍പിച്ച ഈണം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: