ജന്മഭൂമി അന്‍പതാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ഈയവസരത്തില്‍ അതിന്റെ തുടക്കക്കാരായ ചിലരെക്കുറിച്ച് ഓര്മിക്കാനാണീയാഴ്ച ശ്രമിക്കുന്നത്. അരനൂറ്റാണ്ടു മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിക്കുമ്പോള്‍ എന്തെങ്കിലും പിഴ വരുമോ എന്ന ആശങ്കയുമുണ്ട്. മുമ്പ് പലയവസരങ്ങളിലും വിസ്തരിച്ചിട്ടുള്ളതുപോലെ 1975 അവസാനത്തില്‍ കണ്ണൂരില്‍ നടന്ന ഭാരതീയ ജനസംഘം സംസ്ഥാന സമ്മേളനത്തിനുശേഷം സംഘത്തിന്റെയും ജനസംഘത്തിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍ ആ ചുമതല ഈ ലേഖകനെ ഏല്‍പ്പിക്കുകയായിരുന്നു. സംഘത്തിന്റെ പ്രാന്ത പ്രചാരക് ഭാസ്കര്‍ റാവു, മുതിര്‍ന്ന വിഭാഗ് പ്രചാരകന് ആര്. ഹരി, ജനസംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സുന്ദര്‍ സിങ് ഭണ്ഡാരി, ദേശീയ കാര്യദര്‍ശിമാരില്‍ ഒരാളായിരുന്ന പി.പരമേശ്വര്‍ജി, ഒ.രാജഗോപാല്‍ എന്നിവര്‍ക്കു പുറമെ കെ. രാമന്‍പിള്ളയും ഈയുള്ളവനും എറണാകുളത്തെ തലമുതിര്‍ന്ന സ്വയംസേവകനായിരുന്ന കെ.ജി.വാധ്യാര് എന്ന ഗുണഭട്ടിന്റെ വസതിയില്‍ ഒരുമിച്ചിരുന്ന് എടുത്ത നിര്‍ണയപ്രകാരം എന്നെ ജനസംഘത്തിന്റെ സംഘടനാ ചുമതലയില്‍ നിന്ന് വിമുക്തനാക്കുകയും മലയാളത്തില്‍ ദിനപത്രം നടത്തുന്നതിന്റെ കാര്യം ഭരമേല്പ്പിക്കുകയുമായിരുന്നു. ജനസംഘ ചുമതലകള്‍ രാമന്‍പിള്ളയ്ക്ക് നല്കപ്പെട്ടു.
പക്ഷേ മലയാള ദിനപത്രം തുടങ്ങാനായി കോഴിക്കോട്ടെ മുതിര്‍ന്ന ജനസംഘ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. അവിടത്തെ മുതിര്‍ന്ന സ്വയംസേവകന് യു.ദത്താത്രയ റാവുവാണ് അതിനു മുന്നിട്ടിറങ്ങിയത്. അക്കാലത്തദ്ദേഹം ജനസംഘത്തിന്റെ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ കൂടിയായിരുന്നു. സംഘത്തിന്റെയും ജനസംഘത്തിന്റെ ദേശീയ അധികാരിമാര്‍ മിക്കവര്‍ക്കും അദ്ദേഹം ആതിഥേയത്വവും വഹിച്ചിട്ടുണ്ട്. പത്രം ആരംഭിക്കുന്നത് കുട്ടിക്കളിയല്ലെന്നും അതിന് സാമ്പത്തിക ഭദ്രതയുണ്ടാക്കണമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതിന് പരമാവധി ആളുകളുടെ സാമ്പത്തിക സഹകരണം ലഭിക്കാന്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാരംഭിച്ച് അതിന്റെ ഓഹരികള്‍ വിറ്റ് മൂലധനമുണ്ടാക്കണം. കോഴിക്കോട്ടുതന്നെയുള്ള തന്റെ ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം കമ്പനിയുടെ ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന് തയാറാക്കി രജിസ്റ്റര്‍ ചെയ്തു. പരമേശ്വര്‍ജിയുമായി ചേര്‍ന്ന് അതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും, ജനസംഘത്തിന്റെ കോഴിക്കോട് ജില്ലാ കാര്യദര്‍ശിയായിരുന്ന സി.എസ്.നമ്പൂതിരിപ്പാടിനെ കമ്പനി സെക്രട്ടറിയായി നിയമിക്കുകയുമായിരുന്നു. റാവുജി തന്നെ മുന്‍കയ്യെടുത്ത് പലരെയും ഓഹരിയുടമകളാക്കി. പ്രമോട്ടര്‍മാര്‍ ഏഴുപേരും കോഴിക്കോട്ടെ മുതിര്‍ന്ന സ്വയംസേവകര്‍ തന്നെയായിരുന്നു.
ഈ സ്ഥിതി നിലനില്‍ക്കെയാണ് ഞാന്‍ കമ്പനിയിലേക്കു നിയുക്തനായത്. ചെയ്യേണ്ട ജോലികള്‍, വഹിക്കേണ്ട ചുമതലകള്‍ എന്നിവയൊക്കെ അക്കമിട്ടു നിരത്തിയ നിയമന ഉത്തരവും മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ റാവുജി എനിക്കു തന്നു. സംഘപ്രചാരകന് എന്ന നിലയ്ക്കു സര്‍വതന്ത്ര സ്വതന്ത്രനായി രണ്ടു ദശാബ്ദക്കാലത്തോളം ഗ്രാമങ്ങളും നഗരങ്ങളും കാടുംമേടും താണ്ടി നടന്നതിന്റെ അനുഭവങ്ങള്‍ ഇനി പത്രത്തിന് പ്രയോജനപ്പെടുത്തണമെന്നായിരുന്നു പരമേശ്വര്‍ജിയുടെ ഉപദേശം. ഓഹരി ചേര്‍ക്കുന്നതില്‍ ഔചിത്യബോധമില്ലെങ്കില്‍ പത്രത്തിന്റെ നയത്തില്‍ നമുക്കു നിയന്ത്രണമുണ്ടാവില്ല എന്ന അവസ്ഥ വരാനിടയുണ്ട് എന്നും മുന്നറിയിപ്പ് ലഭിച്ചു. ഏതായാലും പരിശ്രമം തുടര്‍ന്നു. ഒരുദാഹരണം പറയാം, പില്ക്കാലത്ത് ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന ചുമതല വഹിച്ചിരുന്ന എ.സി. ഗോപിനാഥിന്റെ അച്ഛന് താമസിച്ചിരുന്നത് കാസര്‍കോട് താലൂക്കിലെ ഉള്‍പ്രദേശമായ ബന്ദടുക്ക എന്ന സ്ഥലത്തുനിന്നും 10-12 കി.മീ. ഉള്ളിലുള്ള മാനടുക്കം എന്ന സ്ഥലത്തായിരുന്നു. പല പ്രമുഖ സംഘ അനുഭാവികളെയും ഗൃഹസ്ഥന്മാരെയുമൊക്കെക്കണ്ട് ബന്ദടുക്ക ശാഖയിലെത്തി എന്റെ ദൗത്യം അവരെ ധരിപ്പിച്ചു. ചില സ്വയംസേവകര്‍ സംഘസ്ഥാനില്‍ തന്നെ ശാഖ കഴിഞ്ഞ് ഓഹരിയെടുത്തു. ഗോപിനാഥന്റെ അച്ഛനെ കാണാന്‍ ഒന്നുരണ്ടു പേര് കൂടെ വന്നു. രണ്ടുമണിക്കൂറെങ്കിലും എടുത്താണ് സ്ഥലത്തെത്തിയത് ഞാന്‍ സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശം അറിയിച്ചു. കോണ്‍ഗ്രസുകാര്‍ സംഘത്തോടു പ്രകടമായി പുലര്‍ത്തുന്ന സമീപനമറിയാമായിരുന്നതിനാല് ആശങ്കയുണ്ടായിരുന്നെങ്കിലും അദ്ദേഹം സന്തോഷപൂര്‍വം ഓഹരി ചേര്‍ന്നു. അവിടന്നു ഭക്ഷണവും കഴിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ‘കാടുകയറി’.
അതായത് കൂടെ വന്ന രണ്ടുമൂന്നുപേരുടെ വീടുകളില്‍ കൂടി പോകേണ്ടിയിരുന്നു. കൊടുംകാട്ടിലൂടെ ചൂട്ടും കത്തിച്ചു നടന്നു. യാത്രയുടെ ഏതാനും
ദൂരം അതിര്‍ത്തി കടന്നു കര്ണാടകത്തിലൂടെയായിരുന്നുവെന്ന് കൂടെയുള്ളവര്‍ പറഞ്ഞറിഞ്ഞു. ആ സ്വയംസേവകര്‍ക്ക് ശാഖയില്‍ പോകാന്‍ ബന്ദടുക്കയിലേക്ക് എത്തുന്നതിന് ശരിക്കും കഠിന കണ്ടകാകീര്‍ണമായ വഴിയേ ഉള്ളൂ എന്നത് ഒരിക്കലും മറക്കാനാവില്ല. ആ യാത്രയെക്കുറിച്ച് എ.സി. ഗോപിനാഥ് ഇപ്പോഴും പറയാറുള്ളത് ഉറച്ച കോണ്‍ഗ്രസ്സുകാരനായ തന്റെ അച്ഛന്റെയടുത്തുനിന്ന് ആദ്യമായി പണം വാങ്ങിയതു ഞാനാണ് എന്ന കാര്യം തന്നെ.
ഗോപിനാഥനെപ്പറ്റി മറ്റൊരു രസകരമായ സംഗതി കൂടിയുണ്ട്. എന്റെ ശ്രീമതിക്ക് ഇടപ്പള്ളിയിലെ അമൃത ആസ്പത്രിയില്‍ ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. അവിടത്തെ സംഘചുമതലയുള്ള സ്വയംസേവകനുമായി സര്‍ജനെ കാണാന്‍ പോയി. രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ അദ്ദേഹത്തിന്റെ മലയാള സംസാര രീതിയില്‍നിന്ന് ആള് കാസര്‍കോട് താലൂക്കുകാരനാണെന്ന സംശയമുണ്ടായി. ചെറുവത്തൂരിനടുത്ത് പനയംതട്ടയിലാണ് വീട് എന്നദ്ദേഹം പറഞ്ഞു. ഞാന്‍ സംഘപ്രചാരകനായിരുന്നപ്പോള്‍ കാസര്‍കോട് താലൂക്കില്‍ പലയിടങ്ങളിലും പരിചയമുണ്ട് എന്നറിയിച്ചു. തന്റെ ബന്ധുവായ ഗോപിനാഥന് ആര്‍എസ്എസാണെന്നും പറഞ്ഞ് നടക്കുകയാണെന്നദ്ദേഹം പറഞ്ഞു. ഞാന്‍ ഗോപി വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും ഡോക്ടറെ ധരിപ്പിച്ചു.
ദത്താത്രയറാവു ദിനപത്രമാരംഭിക്കാന് നടത്തിയ ശ്രമങ്ങളെ വിവരിച്ച് അക്ഷരാര്‍ത്ഥത്തില്‍ കാസര്‍കോട്ടെ കാടുകയറി. പത്രം എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്നത് സംശയത്തിന്റെ നിഴലില്‍ കളിക്കുകയായിരുന്നു. സായാഹ്നപ്പതിപ്പായി അരപ്പത്രമെങ്കിലും തുടങ്ങിയാല്‍ ആശയുടെ നാളം കത്തിനില്ക്കുമെന്നു റാവുജിക്കു തോന്നിത്തുടങ്ങി. അതിനും പേരു വേണം, അതിന് ന്യൂസ് പേപ്പര്‍ രജിസ്ട്രാറുടെ അംഗീകാരം ലഭിക്കണം. അനിവാര്യമായ ഈ സാങ്കേതികതകള്‍ പൂര്ത്തിയാക്കണമല്ലൊ. പല പേരുകളും നിര്‍ദ്ദേശിച്ചുകൊണ്ട് ഡിക്ലറേഷനുവേണ്ടി അപേക്ഷ നല്കി. വിളംബരം എന്ന പേരാണ് അനുവദിച്ചു കിട്ടിയത്. പൂര്‍ണ തൃപ്തിയില്ലെങ്കിലും അതു സ്വീകരിക്കാമെന്നു റാവുജിക്കു തോന്നി. അപ്പോഴാണ് തൃശ്ശിവപേരൂരില്‍നിന്ന് ധര്‍മപാലന്റെ ഫോണ്‍ വന്നത്, ജന്മഭൂമി വാരിക വില്ക്കാന് അതിന്റെ ഉടമ നവാബ് രാജേന്ദ്രന് തയാറാണത്രേ. വിവരം ലഭിച്ച് റാവുജിയും ഞാനുമൊരുമിച്ച് അവിടെ പോയതും രജിസ്റ്റര്‍ ഓഫീസില്‍ ചെന്ന് നിയമാനുസൃതമായി പേരു മാതൃകാ പ്രചരണാലയം തീറുവാങ്ങിയതും മുമ്പ് പലപ്പോഴും എഴുതിയ കാര്യങ്ങളാണ്.
എന്നാല്‍ ആ യാത്രയ്ക്കിടെ നടന്ന ഒരപകടത്തെപ്പറ്റി ഈ അരനൂറ്റാണ്ടിനിടെ ആരോടും വെളിപ്പെടുത്താത്ത പരാമര്‍ശം ഇവിടെ കൊടുക്കുന്നു. അന്നു രാവിലെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ടതും തൃശ്ശിവപേരൂരില്‍നിന്നു മടങ്ങിയതും കെഎസ്ആര്‍ടിസി ബസിലായിരുന്നു. ഇത്ര ചെറിയ കാര്യത്തിനായി കാര്‍ യാത്രയെപ്പറ്റി ചിന്തിക്കാന്‍ തന്നെ റാവുജി തയാറല്ലായിരുന്നു. തൃശ്ശിവപേരൂരില്നിന്നുള്ള മടക്കയാത്ര കോട്ടയ്ക്കല്‍ വഴിയുള്ള ബസിലായിരുന്നു. കോഴിക്കോട് സര്‍വകലാശാലാ വളപ്പു കഴിഞ്ഞപ്പോഴേക്കും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. രാമനാട്ടുകരയുടെ മുമ്പിലുള്ള ഇടുങ്ങിയ വളവിങ്കല്‍ ബസ് വശത്തു തിണ്ടില് ഇടിച്ചു. ഡ്രൈവര്‍ മയങ്ങിയതാവാം കാരണമെന്നു തോന്നുന്നു. ഭാഗ്യത്തിനു ബസ് മറിഞ്ഞില്ല. നാലഞ്ചു പേര് പുറത്തിറങ്ങി. മുക്കാല്‍ കി.മീ. നടന്നാല്‍ രാമനാട്ടുകരയിലെത്താം. ബസില്ലെങ്കില്‍ ഏതെങ്കിലും വാഹനം നിര്‍ത്തി പോകാം എന്നു തീരുമാനിച്ചു. റാവുജിയുടെ കൈയില്‍ ഒരു മുറിവു പറ്റി. എനിക്ക് പ്രഥമ ശുശ്രൂഷാ മരുന്നുകള്‍ കൊണ്ടുനടക്കുന്ന സ്വഭാവവും സംഘചുമതലയുള്ള കാലത്തു തന്നെയുണ്ടായിരുന്നു. അതു പ്രയോജനപ്പെടുത്തി റാവുജിയുടെ മുറിവിലെ ചോരയൊഴുക്ക് ശമിപ്പിച്ചു. രാമനാട്ടുകരവരെ ചെന്നാല്‍ ഏതെങ്കിലും വാഹനം കിട്ടുമെന്ന പ്രതീക്ഷയോടെ യാത്രക്കാര്‍ പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ റാവുജിയെ കണ്ടു ഒരു ജീപ്പ് നിര്‍ത്തി. ഞങ്ങള്‍ കോഴിക്കോട്ടെത്തി. തുടര്‍ന്ന് പിറ്റേന്ന് തന്നെ മറ്റു നടപടികള്‍ ആരംഭിച്ചു. ജന്മഭൂമിയുടെ ചരിത്രത്തിലെ ‘ചോരപുരണ്ട അധ്യായം’ ഇതുവരെ പുറത്താരും അറിഞ്ഞിട്ടില്ല. അന്ന് ജന്മഭൂമി പിറന്നിട്ടില്ലായിരുന്നു എന്നുമാത്രം. പില്ക്കാലത്ത് എറണാകുളത്ത് ജന്മഭൂമിക്ക് അഗ്നിപരീക്ഷയും നേരിടേണ്ടി വന്നുവല്ലോ.
തത്കാലം ഇത്രമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: