കൊച്ചി: കാരുണ്യത്തിന്റെയും കരുതലിന്റെയും കർമരൂപമായിരുന്നു കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെന്ന് ഗവർണർ ഡോ. സി. വി ആനന്ദബോസ്. സ്നേഹച്ചരടിൽ എല്ലാവരെയും കോർത്തിണക്കിയ ആ പുണ്യാത്മാവിന്റെ വിയോഗം അങ്ങേയറ്റം വേദനാജനകമാണെന്നും ആനന്ദബോസ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഗവർണർ ഡോ.സി.വിആനന്ദബോസിനു വേണ്ടി കൊൽക്കത്ത രാജ്ഭവൻ പ്രതിനിധികൾ ശനിയാഴ്ച രാവിലെ യാക്കോബായ സുറിയാനി സഭാ ആസ്ഥാനത്തെത്തി, കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ബാവയുടെ കബറടക്കം നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. പാത്രിയാര്‍ക്കിസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക, യു.കെ. ആര്‍ച്ച് ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. പ്രസാദ്, വി. ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, കെ. സുധാകരന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സഭാ ആസ്ഥാനത്തെത്തിയിരുന്നു.
ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭാ വിശ്വാസികള്‍ക്കായി പടുത്തുയര്‍ത്തിയ അദ്ദേഹത്തെ ‘മലങ്കര സഭയുടെ യാക്കോബ് ബുര്‍ദാന’ എന്നാണ് വിശ്വാസികള്‍ ഭക്തിയോടെ വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: