ന്യൂദൽഹി : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും തായ്‌ലൻഡ് വിദേശകാര്യമന്ത്രി മാരിസ് സാംഗിയാം പോങ്‌സയും തമ്മിൽ ദൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, ബഹുരാഷ്‌ട്ര സഹകരണം, പ്രാദേശിക വികസനങ്ങൾ എന്നിവ ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തു.
റോയൽ കതിന ചടങ്ങിനായിട്ടെത്തിയ വിദേശകാര്യമന്ത്രി സാംഗിയാം പോങ്‌സയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ ഉദാഹരണമാണെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ജയശങ്കർ പറഞ്ഞു. ഇതോടെപ്പം സൗത്ത് ബ്ലോക്കിൽ നടന്ന യോഗത്തിന്റെ ചിത്രങ്ങളും ജയശങ്കർ പങ്കുവച്ചു.
നാളെ തായ് മന്ത്രി സ്വന്തം രാജ്യത്തിലേക്ക് തിരികെ മടങ്ങും. അതേ സമയം ജയശങ്കറും തായ്‌ലൻഡ് വിദേശകാര്യ മന്ത്രിയും തമ്മിലുള്ള ആശയവിനിമയം ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സഹായകമായെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആസിയാനിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് തായ്‌ലൻഡ്. പത്താം വർഷത്തിലേക്ക് കടക്കുന്ന ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയം തായ്‌ലൻഡിന്റെ ‘ആക്റ്റ് വെസ്റ്റ്’ നയവുമായി ഒത്തുചേർന്നാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: