കൽപ്പറ്റ: അശ്വിനികുമാർ വധക്കേസിൽ പ്രോസിക്യൂഷന്റെ ദയനീയ പരാജയമാണ് കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചതാണ് കേസിലെ വിധി. പിഎഫ്ഐയുമായി സർക്കാരിന്റെ രാഷ്‌ട്രീയ ധാരണ പകൽ പോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
അങ്ങേയറ്റം നിരാശജനകമായ വിധിയാണിത്. സമാധാന പ്രേമികളെ ദുഃഖിപ്പിക്കുന്ന വിധിയാണിത്. ശക്തമായ നടപടികൾ എടുക്കേണ്ട സമയത്ത് സർക്കാർ പ്രതികളുമായി ഒത്തുകളിച്ചു എന്നും അദ്ദേഹം ആരോപിച്ചു. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ അതി പൈശാചികമായ കൊലപാതകമായിരുന്നു അശ്വിനി കൊലക്കേസ്. കേസിൽ പ്രധാന പ്രതികളെ കോടതി വെറുതെ വിട്ടിരിക്കുകയാണ്.
പ്രോസിക്യൂഷൻ കോടതിയിൽ പ്രതികളെ സഹായിക്കുന്ന തരത്തിലാണ് നടപടി സ്വീകരിച്ചത്. പ്രേസിക്യൂഷന്റെ കുറ്റകരമായ അനാസ്ഥയാണ് ഈ പ്രതികളെ വെറുതെ വിടാനുള്ള കാരണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. നിരോധിത ഭീകരവാദ സംഘടനായായ പോപ്പുലർ ഫ്രണ്ടുമായി ചേർന്ന് വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്ന സർക്കാർ ഈ കൊലപാതകത്തിൽ അശ്വനി കുമാറിനും കുടുംബത്തിനും നീതി ഉറപ്പാക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. പകരം പ്രോസിക്യൂഷൻ പ്രതികളെ സംരക്ഷിക്കുകയാണ് ചെയ്തത്. പോലീസിന്റെ ഒത്തുകളയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതഭീകരവാദികൾക്ക് അഴിഞ്ഞാടൻ അവസരം ഒരുക്കി കൊടുക്കുന്നത് സർക്കാരാണെന്നും സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ ചെറിയ കറപോലും തന്റെ കൈയിൽ പുരണ്ടിട്ടില്ലെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എത് അന്വേഷണത്തേയും നേരിടും. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരൂർ സതീശന് സിപിഎം സാമ്പത്തിക സഹായം നൽകി. എംകെ കണ്ണന്റെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വി.ഡി. സതീശനും ഉണ്ട്. ധർമരാജൻ ഷാഫിക്ക് പണം നൽകിയെന്നും പറഞ്ഞ് കോൺഗ്രസുകാർ വിളിക്കുന്നുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: