തൃശൂര്‍: ചികിത്സ വൈകിയതു മൂലം ഒരുവയസ്സുകാരന്‍ മരിച്ചതായി ബന്ധുക്കളുടെ ആരോപണം. നടത്തറ കുംഭാര വീട്ടില്‍ വിനുവിന്റെ മകന്‍ ദ്രയാഷാണ് (ഒന്ന്) മരിച്ചത്. അസ്വാഭാവിക മരണത്തിന് ഒല്ലൂര്‍ പോലിസ് കേസെടുത്തു.പനിയും ഛര്‍ദിയുമായാണ് വ്യാഴാഴ്ച വൈകിട്ട് നാലരയ്‌ക്ക് കുട്ടിയെ ഒല്ലൂരിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിയിലെത്തിച്ചത്.
ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യന്‍ പരിശോധനയ്‌ക്കു ശേഷം രക്തത്തില്‍ അണുബാധയുള്ളതായി അറിയിച്ചു. തുടര്‍ന്ന് ആറുമണിയോടെ കുട്ടിയെ അഡ്മിറ്റാക്കി. ഡ്യൂട്ടി കഴിഞ്ഞ് പീഡിയാട്രീഷ്യന്‍ പോകുകയും ചെയ്തു. കുട്ടിക്ക് ഡ്രിപ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഞരമ്പ് കിട്ടുന്നില്ലയെന്ന് നഴ്സ് അറിയിച്ചു. ഇന്‍ജക്ഷന്‍ വഴി മരുന്ന് നല്‍കാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ മരുന്നു നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
കുട്ടിക്ക് അസുഖം മൂര്‍ച്ഛിച്ചതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ കുട്ടിയെ ചികിത്സിച്ചത് ഡോക്ടറല്ല, നാഴ്സാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി ഒമ്പതുവരെ കുട്ടിക്ക് യാതൊരു ചികിത്സയും നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒമ്പതുമണിക്കു ശേഷമാണ് കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുന്നത്. ഇവിടെ വച്ചാണ് കുട്ടിയുടെ മരണം സംഭവിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഒല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച സമയം മുതല്‍ മികച്ച പരിചരണമാണ് നല്‍കിയതെന്നും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മികച്ച ചികിത്സക്കായി രണ്ട് നഴ്സുമാരുടെ സഹായത്തോടെ ആശുപത്രിയുടെ ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് എത്തിക്കുകയാണ് ഉണ്ടായതെന്നും ആശുപത്രി അധിക്യതര്‍ പറയുന്നു. ശിശുരോഗ ഡോക്ടര്‍ തന്നെയാണ് കുട്ടിയെ പരിശോധിച്ച് ചികിത്സ നല്‍കിയതെന്നും ഒല്ലൂര്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രി അധികൃതര്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു. രാഖിയാണ് ദ്രയാഷിന്റെ മതാവ. സഹോദരങ്ങള്‍: തീര്‍ത്ഥ, തൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക