ബെംഗളൂരു: കര്‍ണാടകയില്‍ വഖഫ് ഭീകരത മുറുകി. വിജയപുരയ്‌ക്കു പിന്നാലെ ഹാവേരിയിലും കര്‍ഷകഭൂമി കൈയേറാന്‍ വഖഫ് ബോര്‍ഡ് ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണിത്.
ഭൂമി കൈയേറ്റം ചോദ്യം ചെയ്ത 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വഖഫ് കൈയേറ്റത്തിനെതിരേ പ്രതിഷേധിച്ചവരെ കഴിഞ്ഞ ദിവസം ജില്ലയിലെ പലയിടങ്ങളിലും വഖഫ് അനുകൂലികള്‍ ആക്രമിച്ചിരുന്നു. ഒന്നിലധികം വീടുകള്‍ക്കാണ് കേടുപാടുകളുണ്ടായത്. നിരവധി വാഹനങ്ങള്‍ അക്രമികള്‍ നശിപ്പിച്ചു. ഹാവേരി ടൗണ്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
മുമ്പു ബെലഗാവിയിലെ വഖഫ് ട്രിബ്യൂണല്‍ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ സ്വത്തുമായി ബന്ധപ്പെട്ടാണ് പുതിയ തര്‍ക്കമുടലെടുത്തിട്ടുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
അടുത്തിടെ കര്‍ഷകരുടെ 1500 ഏക്കര്‍ ഭൂമിക്കു മേല്‍ അവകാശമുന്നയിച്ച വഖഫ് ബോര്‍ഡ് ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്കു നോട്ടീസ് നല്കിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ കര്‍ഷക പ്രതിഷേധം ജില്ലയിലുണ്ടായി.
വിഷയത്തില്‍ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്റെ രാജി തേടി നവംബര്‍ നാലു മുതല്‍ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കും. കൃഷിഭൂമി വഖഫ് സ്വത്തായി തരംതിരിക്കാന്‍ സര്‍ക്കാര്‍ ഭൂരേഖകള്‍ മാറ്റിയെന്നു ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു. ജില്ലയിലുടനീളമുള്ള ഭൂരേഖകള്‍ ഭേദഗതി ചെയ്യാന്‍ അധികാരികള്‍ സമ്മര്‍ദം ചെലുത്തുന്നെന്നും കര്‍ഷകരുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തി ഭൂമിയുടെ രേഖകള്‍ മാറ്റാന്‍ അധികാരികളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാര്‍ തെറ്റില്‍ നിന്നു തെറ്റിലേക്കു പോകുന്നെന്ന് കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ), വാല്മീകി എസ്ടി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമമെന്ന് കുമാരസ്വാമി ആരോപിച്ചു. വഖഫ് പ്രശ്‌നത്തിന് കോണ്‍ഗ്രസ് സര്‍ക്കാരാണ് തുടക്കമിട്ടതെന്നും കുമാരസ്വാമി തുടര്‍ന്നു.
ഇതിനിടെ വഖഫ് സ്വത്തുക്കള്‍ ദേശസാല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനമയച്ചു. വഖഫ് ബോര്‍ഡ് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍, മഠങ്ങള്‍, കര്‍ഷകഭൂമി എന്നിവയില്‍ അവകാശമുന്നയിക്കുന്നത് കണക്കിലെടുത്താണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: