മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഭാരതത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റും പുരോഗമിക്കുന്നത് സ്പിന്‍ ബൗളര്‍മാരുടെ പ്രഭാവത്തില്‍. മത്സരത്തിന്റെ ആദ്യ ദിവസമായ ഇന്നലെ ആകെ വീണത് 14 വിക്കറ്റുകള്‍ ഇതില്‍ 11ഉം സ്പിന്നര്‍മാരുടെ പേരില്‍ കുറിക്കപ്പെട്ടു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 235 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭാരതം നാല് വിക്കറ്റ് ക്ഷീണത്തില്‍ നില്‍ക്കുകയാണ്. രണ്ടാം ദിവസത്തിലേക്ക് പിരിയുമ്പോള്‍ 86 റണ്‍സെടുത്തിട്ടുണ്ട്.
38 പന്തില്‍ 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു പന്തില്‍ ഒരു റണ്‍സുമായി ഋഷഭ് പന്തും ആണ് ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് നേര്‍ക്ക് അഴിച്ചുവിട്ട സ്പിന്‍ ആക്രമണത്തിന് മറുപടിയെന്നോണമാണ് ഭാരതം അതിവേഗം നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം സ്പിന്നര്‍ അജാസ് പട്ടേലിന്റെ അക്കൗണ്ടിലാണ്. ഓപ്പണിങ് സ്ഥാനത്ത് സ്ഥിരത പുലര്‍ത്തിവന്ന യശസ്വി ജയ്‌സ്വാളിനെ(30) കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പറഞ്ഞുവിട്ടത്. തുടര്‍ന്ന് നൈറ്റ് വൈച്ചറായ് നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ മുഹമ്മദ് സിറാജ് നേരിട്ട ആദ്യപന്തില്‍ പുറത്തായി. വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ ഒരവസരം കൂടി നഷ്ടപ്പെടുത്തുന്നത് കണ്ടുകൊണ്ടാണ് ഭാരത ഇന്നിങ്‌സ് തുടങ്ങിയത്. 18 റണ്‍സെടുത്ത രോഹിത്തിനെ മാറ്റ് ഹെന്റി ആണ് വീഴ്‌ത്തിയത്.
ഇന്നലെ വൈകുന്നേരം കളി തീരാന്‍ നേരം ഇറക്കിയ നൈറ്റ് വാച്ച്മാനിലൂടെയും തിരിച്ചടി നേരിട്ട ഭാരതം വീണ്ടും പരീക്ഷണത്തിന് നിന്നില്ല അഞ്ചാമനായി വീരാട് കോഹ്‌ലിയെ തന്നെ അയച്ചു. പക്ഷെ നാല് റണ്‍സുമായി നിന്ന കോഹ്‌ലി റണ്ണൗട്ടായി ക്രീസില്‍ നിന്നും മടങ്ങി. തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും ഒരു തകര്‍ച്ചയെ അഭിമുകീകരിക്കുന്ന സാഹചര്യത്തിലാണ് ഭാരത ഇന്നിങ്‌സ് ഇന്നലെ വൈകീട്ട് വിശ്രമത്തിന് പോയത്. ഇതിനെ അതിജീവിക്കലായിരിക്കും രണ്ടാം ദിവസമായ ഇന്ന് ഭാരത ബാറ്റര്‍മാരുടെ പ്രഥമ ദൗത്യം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് വില്‍ യങ്ങും(71) ഡാരില്‍ മിച്ചലും(82) കാഴ്‌ച്ചവച്ച അര്‍ധസെഞ്ച്വറി പ്രകടനം ആശ്വാസമായി. ഇരുവരുടെയും രക്ഷാപ്രവര്‍ത്തനം ടീം ടോട്ടല്‍ 200ന് മേലെ എത്തിച്ചു. മൂന്നിന് 72 എന്ന നിലയില്‍ ഒരുമിച്ച വില്‍ യങ്ങും ഡാരില്‍ മിച്ചലും ചേര്‍ന്ന കൂട്ടുകെട്ട് നേടിയത് 87 റണ്‍സ്. ഈ ചെറിയ കൂട്ടുകെട്ടിന്റെ ബലത്തിലാണ് കിവീസ് 250നടുത്തെത്താവുന്ന ടോട്ടല്‍ സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറയ്‌ക്ക് വിശ്രമം നല്‍കി മുഹമ്മദ് സിറാജും ആകാശ് ദീപും പേസ് ആക്രമണത്തിന് ഇറങ്ങിയപ്പോള്‍ കഴിഞ്ഞ കളിയിലെ അതേ സ്പിന്‍ ലൈനപ്പ് മാറ്റമില്ലാതെ കളിച്ചുകൊണ്ടിരിക്കുന്നു. തുടക്കത്തിലേ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കി ആകാശ് തുടങ്ങിവച്ചു. അതിന് ശേഷമാണ് സ്പിന്നര്‍മാര്‍ മത്സരം കൈക്കലാക്കിയത്. 18.4 ഓവറില്‍ 81 റണ്‍സ് വഴങ്ങി നാല് വിക്കറ്റമായി തിളങ്ങിയ സുന്ദറിനെ മറികടക്കുന്ന പ്രകടനവുമായി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് നേട്ടത്തിനൊടുവിലാണ് വിശ്രമത്തിന് കയറിയത്.
കിവീസ് നായകന്‍ ടോം ലാതത്തിനെ പുറത്താക്കി(28) വാഷിങ്ടണ്‍ സുന്ദര്‍ ആണ് ഭാരതത്തിന്റെ സ്പിന്‍ ആക്രമണത്തിന് തുടക്കമിട്ടത്. നൂറ് കടക്കുന്നതിന് വളരെ നേരത്തെ അവരുടെ മൂന്ന് വിക്കറ്റും ഭാരതം വീഴ്‌ത്തി. നാലാം വിക്കറ്റില്‍ യങ്ങും ഡാരിലും ചേര്‍ന്ന് കാര്യങ്ങള്‍ വീണ്ടും തകിടം മറിക്കുമെന്ന് തോന്നിച്ചു. പക്ഷെ യങ്ങിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് രവീന്ദ്ര ജഡേജ വീണ്ടും കാറ്റ് ഭാരതത്തിനും സ്പിന്നര്‍മാര്‍ക്കും അനുകൂലമായി തിരിച്ചു. അതില്‍ പിന്നെ വലിയ പ്രയാസമില്ലാതെ കിവീസ് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ടിരിക്കാന്‍ ജഡേജയ്‌ക്കും സുന്ദറിനും സാധിച്ചു. ഒമ്പതാം വിക്കറ്റില്‍ ഡാരില്‍ മിച്ചലിനെ കൂടി പുറത്താക്കിയതോടെ അപകടാം പാടേ ഒഴിവായ നിലയിലായി. ഒടുവില്‍ സുനദറിന്റെ പന്തില്‍ അജാസ് പട്ടേലും വീണതോടെ കിവീസ് ആദ്യ ഇന്നിങ്‌സ് പൂര്‍ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: