മുംബൈ :ഇന്ത്യൻ ഫാഷൻ രംഗത്ത് മാറ്റങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ച ഇതിഹാസ ഡിസൈനർ രോഹിത് ബാൽ അന്തരിച്ചു. 63 വയസായിരുന്നു. ആധുനിക ഡിസൈനുകള്‍ സൃഷ്ടിക്കുമ്പോഴും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കൈമോശം വരാതെ സൂക്ഷിച്ചു എന്നതാണ് രോഹിത് ബാലിന്റെ പ്രത്യേകത. ഏത് പുതിയ ഫാഷനുകള്‍ സൃഷ്ടിക്കുമ്പോഴും ഭാരതത്തിന്റെ തനിമ ഓര്‍മ്മപ്പെടുത്തുന്ന ഫ്ലോറല്‍ പ്രിന്‍റുകളോ കട്ടോ, മോട്ടീഫുകളോ ഉണ്ടാകും.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഫാഷൻ രംഗത്ത് നിന്ന് ഇടവേളയെടുത്ത രോഹിത് ബാൽ ആഴ്ചകൾക്ക് മുൻപാണ് ലാക്മേ ഫാഷൻ വീക്കിൽ വമ്പൻ തിരിച്ചുവരവ് നടത്തിയത്. അനന്യ പാണ്ഡെയ്‌ക്കൊപ്പമായിരുന്നു ഈ ഷോ. ഈ ഷോയിലെ ഷോ സ്റ്റോപ്പര്‍ ആയിരുന്നു അനന്യ പാണ്ഡെ.
ഇന്ത്യൻ ഫാഷൻരംഗത്തെ തന്നെ മാറ്റിമറിച്ച ഡിസൈനറാണ് വിടവാങ്ങിയത്. ഇന്ത്യയുടെ ഡിസൈൻ ശൈലി മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നു. ഇന്ത്യന്‍ ഡിസൈനെ ആഗോള ഫാഷന്‍ ഭൂപടത്തില്‍ എത്തിക്കുന്നതിനും പങ്കുവഹിച്ചു.
2023 നവംബറിൽ ഗുരുഗ്രാമിലെ മേദാന്ത ഹോസ്പിറ്റലിൽ ഹൃദ്രോഗത്തെ തുടർന്ന് പൂർണമായ അബോധാവസ്ഥയിൽ ബാലിനെ പ്രവേശിപ്പിച്ചിരുന്നു. 2010ൽ കടുത്ത ഹൃദയാഘാതത്തെ അതിജീവിച്ച അദ്ദേഹം പാൻക്രിയാസ് വീക്കത്തിനും ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: