അരുണാചല്‍പ്രദേശ്: തവാങ്ങിനടുത്തുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരുമായി കേന്ദ്രമന്ത്രി കിരൺ റിജിജു ആശയവിനിമയം നടത്തി. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യൻ ആർമി പോസ്റ്റ് സന്ദർശിക്കുന്നതിനിടെയായിരുന്നു ആശയവിനിമയം.
സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത്രയും ഉയരമുള്ള പ്രദേശത്ത് സൈനികർ എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം അന്വേഷിച്ചു. ഇതിന് മറുപടിയായി, ഇത്തരം മേഖലകളിൽ സേവനമനുഷ്ഠിക്കുമ്പോൾ തങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും തങ്ങൾ സുഖമായിരിക്കുന്നുവെന്നും ചൈനീസ് സൈനികർ പറഞ്ഞു.
ഇന്ത്യയുടെ അതിർത്തി വികസനത്തിൽ എല്ലാവർക്കും അഭിമാനം തോന്നും,” “ചൈനീസ് സൈനികരുമായി സംസാരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ കാണുകയും ചെയ്ത ശേഷം റിജിജു എക്‌സിൽ കുറിച്ചു.
ഇന്ത്യൻ ആർമി ജവാൻമാരുമായും അദ്ദേഹം സംവദിക്കുകയും അവരോടൊപ്പം ദീപാവലി ആഘോഷിക്കുകയും ചെയ്തു.
“ദീപാവലി സമയത്ത് നിങ്ങൾ വീട്ടിൽനിന്ന് വളരെ അകലെയായതിനാൽ ഞങ്ങളും വീട്ടിൽനിന്ന് മാറി നിങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ തീരുമാനിച്ചു,” റിജിജു പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ എൽഎസിയിൽ പട്രോളിങ് നടത്തുന്നതിന് ചൈനയുമായി കരാറിലെത്തിയതായി ഇന്ത്യ പ്രഖ്യാപിച്ച് ഒരാഴ്ചയ്‌ക്ക് ശേഷമാണ് കേന്ദ്രമന്ത്രി ചൈനീസ് സൈനികരുമായി ആശയവിനിമയം നടത്തിയത്. ഇത് നാല് വർഷത്തിലേറെ നീണ്ട സൈനിക തർക്കം അവസാനിപ്പിക്കുന്നതിനുള്ള ഒരു വഴിത്തിരിവായി.
റഷ്യയിൽ അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ-ചൈന സൈനികർ യഥാർഥ നിയന്ത്രണ രേഖയിലെ നിരവധി അതിർത്തി പോയിൻ്റുകളിൽ മധുരപലഹാരങ്ങൾ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക