ന്യൂദല്‍ഹി: “സാമ്പത്തികമായി നടപ്പിലാക്കാൻ കഴിയുന്ന” വാഗ്ദാനങ്ങൾ മാത്രമേ നൽകാവൂ എന്ന് പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർദ്ദേശിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
“അയാഥാര്‍ഥമായ വാഗ്ദാനങ്ങൾ നൽകുന്നത് എളുപ്പമാണെന്നും എന്നാൽ അവ ശരിയായി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആണെന്നും കോൺഗ്രസ് പാർട്ടി മനസ്സിലാക്കുന്നു. ഓരോ പ്രചാരണത്തിലും അവർ ജനങ്ങൾക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നു അത് ഒരിക്കലും പാലിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. ഇപ്പോൾ, അവർ ജനങ്ങള്‍ക്ക് മുന്നിൽ മോശക്കാരായി നില്‍ക്കുന്നു! പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.
“ഇന്ന് കോൺഗ്രസിന് സർക്കാരുകളുള്ള ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന തുടങ്ങി ഏത് സംസ്ഥാനം പരിശോധിച്ചാലും വികസന പാതയും സാമ്പത്തിക ആരോഗ്യവും മോശമായി മാറിക്കൊണ്ടിരിക്കുകയാണ്” – പ്രധാനമന്ത്രി പറഞ്ഞു.
“അവരുടെ ഗ്യാരണ്ടികൾ പാലിക്കപ്പെടാതെ കിടക്കുന്നു, ഇത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. ഇത്തരം രാഷ്‌ട്രീയത്തിന്റെ ഇരകൾ പാവപ്പെട്ടവരും യുവാക്കളും കർഷകരും സ്ത്രീകളുമാണ്, ഈ വാഗ്ദാനങ്ങളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുക മാത്രമല്ല, അവരുടെ നിലവിലുള്ള പദ്ധതികൾ ഡൈല്യൂട്ട് ആക്കുകയും ചെയ്യുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
“കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന വ്യാജ വാഗ്ദാനങ്ങളുടെ സംസ്‌കാരത്തിനെതിരെ രാജ്യത്തെ ജനങ്ങൾ ജാഗരൂകരായിരിക്കണം! ഹരിയാനയിലെ ജനങ്ങൾ അവരുടെ നുണകൾ നിരസിക്കുകയും സുസ്ഥിരവും പുരോഗമനപരവും പ്രവർത്തനത്തിൽ അധിഷ്‌ഠിതവുമായ ഒരു ഗവൺമെൻ്റിനെ എങ്ങനെ തിരഞ്ഞെടുത്തുവെന്ന് ഞങ്ങൾ അടുത്തിടെ കണ്ടു,” പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിനുള്ള വോട്ട് ഭരണമില്ലായ്‌മയ്‌ക്കും മോശം സാമ്പത്തിക ശാസ്ത്രത്തിനും സമാനതകളില്ലാത്ത കൊള്ളയ്‌ക്കും വേണ്ടിയുള്ള വോട്ടാണ് എന്ന തിരിച്ചറിവ് ഇന്ത്യയിലുടനീളം വളർന്നുവരികയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് വികസനവും പുരോഗതിയുമാണ് വേണ്ടത്, അതേ പഴയ #വ്യാജ വാഗ്ദാനങ്ങളല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: