കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കാളിപൂജയും ദീപാവലിയും സംസ്ഥാനത്തുടനീളം വർണ്ണാഭമായി ആഘോഷിച്ചു. ഉത്സവപ്രതീതി സൃഷ്ടിച്ചുകൊണ്ട് വിളക്കുകളും അലങ്കരിച്ച പന്തലുകളും ഒരുക്കിയാണ് ജനം ഉത്സവം കൊണ്ടാടിയത്.
തെരുവുകൾ വർണ്ണാഭമായ വിളക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു. വിവിധയിടങ്ങളിൽ വൈകുന്നേരം നടന്ന കരിമരുന്ന് പ്രയോഗം ജനങ്ങളെ കൂടുതൽ ആവേശഭരിതരാക്കി. 125 ഡെസിബെലിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന പടക്കങ്ങൾ പാടില്ലെന്ന് കോടതിയുടെ ഉത്തരവ് ഉണ്ടായതിനാൽ നിയമം ലംഘിക്കുന്നത് തടയാൻ പോലീസും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും കനത്ത ജാഗ്രതയാണ് പാലിച്ചത്.
ആളുകൾ തങ്ങളുടെ വീടുകൾ ദീപങ്ങളും ചെറിയ വൈദ്യുത വിളക്കുകളും കൊണ്ട് അലങ്കരിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തുടനീളമുള്ള പ്രശസ്തമായ താരാപീഠം, ദക്ഷിണേശ്വര, കാളിഘട്ട്, താന്താനിയ, മറ്റ് കാളി ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഭക്തരുടെ നീണ്ട നിര കാണപ്പെട്ടു.
പ്രശസ്തമായ പൂജ പന്തലുകൾ സ്ഥിതി ചെയ്യുന്ന ആംഹെർസ്റ്റ് സ്ട്രീറ്റ്, ബൗബസാർ, എസ് എൻ ബാനർജി റോഡ്, ചെത്‌ല പ്രദേശങ്ങൾ എന്നിവയുൾപ്പെടെ കൊൽക്കത്തയിലെ വിവിധ സ്ഥലങ്ങളിലും നിരവധിപ്പേരാണ് ഒത്തുകൂടിയത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസത്ത്, മധ്യംഗ്രാം, നൈഹാത്തി, വടക്കൻ ബംഗാളിലെ ജൽപായ്ഗുരി, സിലിഗുരി എന്നിവിടങ്ങളിലും ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു.
സമൂഹ പന്തലുകൾക്ക് പുറമെ ഓരോ വീടുകളിലും കാളിപൂജ സംഘടിപ്പിച്ചു. ദീപാവലി ദിനത്തിൽ ആളുകൾ മധുര പലഹാരങ്ങൾ പരസ്പരം വിളമ്പി ആശംസകൾ കൈമാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: