ലോക സുന്ദരി എന്ന് പറയുമ്പോഴേ നമ്മുടെയൊക്കെ മനസിലേക്ക് ഓടിയെത്തുന്ന ഒരേയൊരു മുഖം ഐശ്വര്യ റായിയുടേതാണ്. ഇന്ന് പ്രിയ താരത്തിന്റെ 51-ാം പിറന്നാളാണ്. ആഷിന് പിറന്നാൾ ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകരും സിനിമാ ലോകവും. ആർമി ബയോളജിസ്റ്റായ കൃഷ്ണരാജ് റായിയുടെയും വൃന്ദരാജ് റായിയുടെയും മകളായി 1973 നവംബർ 1-ന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. ഒരു നടിയാകുന്നതിന് മുൻപ് തന്നെ മോഡലിംഗ് രംഗത്ത് ഐശ്വര്യ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു.
1994 ലെ ലോകസുന്ദരി പട്ടവും ആഷിനെ തേടിയെത്തി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമാലോകത്തേക്ക് ചുവടുവയ്‌ക്കുന്നത്. എന്നാൽ ഐശ്വര്യയുടെ ആദ്യ സൂപ്പർ ഹിറ്റ് സിനിമ 1998-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീൻസ്’ ആയിരുന്നു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവച്ചു.
ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്‌ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. മോഡലിങ്ങിലും അഭിനയത്തിലും മാത്രമല്ല നൃത്തത്തിലും ഐശ്വര്യ കഴിവ് തെളിയിച്ചിരുന്നു. ജീൻസ്, ഗുരു തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ഐശ്വര്യയെന്ന നർത്തകിയെ പ്രേക്ഷകർ കൂടുതലറഞ്ഞു. അഭിനയത്തിനൊപ്പം തന്നെ റെഡ് കാർപ്പറ്റിലും ഐശ്വര്യ തിളങ്ങി. രാജ്യാന്തര വേദികളിലെ റെഡ് കാർപ്പറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യ ബിംബമായി ഐശ്വര്യ.
ഫാഷൻ റാംപുകളിലും കാണികളുടേയും പ്രശസ്ത ഫോട്ടോഗ്രഫർമാരുടേയും കണ്ണുടക്കിയത് ഐശ്വര്യയുടെ നേർക്കായിരുന്നു. തനിക്കു മുന്നിലെത്തുന്ന ആരാധകവൃന്ദങ്ങളോടും ഏറെ സ്നേഹമാണ് ഐശ്വര്യയ്‌ക്ക്. കാൻ ഫെസ്റ്റിവലിലെ ഐശ്വര്യയുടെ ലുക്കുകളും പലപ്പോഴും ചർച്ചയാകാറുണ്ട്
ഇപ്പോൾ ബച്ചൻ കുടുംബത്തിന്റെ സ്നേഹനിധിയായ മരുമകളുടെ റോളിലും ആരാധ്യയുടെ അമ്മയുടെ റോളിലും ഐശ്വര്യ തിളങ്ങുകയാണ്. ഒരിക്കലും പകരം വയ്‌ക്കാനാകാത്ത താരറാണിയായി ഐശ്വര്യ എന്നും ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ ഉള്ളിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: