കോഴിക്കോട്: ‘സ്വ’ വിജ്ഞാനോത്സവത്തില്‍ 2036ല്‍ ഭാരതം ഒളിംപിക്സിന്റെ ആതിഥേയരാകുമ്പോള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. തയാറെടുപ്പുകള്‍, സാധ്യതകള്‍, ആവശ്യങ്ങള്‍ എന്നിവ കേന്ദ്ര കായിക യുവജന ക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിശദീകരിക്കും. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്, കേരള ഒളിംപിക്സ് അസോസിയേഷന് തലപ്പത്തുള്ളവര്‍ തന്നെ ചര്‍ച്ചകളില്‍ പങ്കെടുക്കും. നവംബര്‍ ഏഴിന് രാവിലെയാണ് സെമിനാര്‍. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് സ്ഥാപകന്‍ വി. ശ്രീനിവാസന് അധ്യക്ഷനാകും.
ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനമാണ് ‘സ്വ’. നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ, കോഴിക്കോട്ട് സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ‘സ്വ’ വിജ്ഞാനോത്സവം.
ജന്മഭൂമി സുവര്‍ണ ജയന്തിയാഘോഷ ഉദ്ഘാടനോത്സവത്തിന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്നത് ഒളിംപ്യന്‍ പി.ടി. ഉഷ എംപിയാണ്. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെ അധ്യക്ഷ കൂടിയായ പി.ടി. ഉഷ സെമിനാറില്‍ സംസാരിക്കും. കേരള ഒളിംപിക്സ് അസോസിയേഷന് അധ്യക്ഷന്‍ വി. സുനില്‍കുമാര്‍ സെമിനാറിലുണ്ട്. കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷനിലെ സായ് ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫ്അലി, കോഴിക്കോട് സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. സക്കീര്‍ ഹുസൈന് എന്നിവരും സെമിനാറില്‍ പങ്കെടുക്കും.
ദേശീയ കായിക താരങ്ങള്‍, ഒളിംപ്യന്‍ പി.ആര്. ശ്രീജേഷ്, വനിതാ ക്രിക്കറ്റ് താരം മിന്നുമണി, ദേശീയ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ എന്നിവരെ ആദരിക്കും. കായിക മേഖലയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയ കെ. അബൂബക്കര്‍ (മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍), രമേശ് കുറുപ്പ് (ദ് ഹിന്ദു മുന്‍ ഫോട്ടോഗ്രാഫര്‍), പി. മുസ്തഫ (മലയാള മനോരമ മുന്‍ ഫോട്ടോഗ്രാഫര്‍) എന്നിവരെയും ആദരിക്കും.
വിജ്ഞാനോത്സവത്തിന്റെ ഭാഗമായി മഹാപ്രദര്ശനം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. ഐഎസ്ആര്‍ഒ, കൊച്ചിന് ഷിപ്യാര്ഡ്, ആയുഷ്, വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ എക്സിബിഷന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: