ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ തവാങ്ങിൽ സ്ഥാപിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. ഇതോടൊപ്പം തവാങ്ങിലെ മേജർ റാലെങ്‌നാവോ ‘ബോബ്’ ഖാറ്റിംഗ് വാലർ മ്യൂസിയമും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മോശം കാലാവസ്ഥ കാരണം തവാങ്ങിലേക്ക് പോകാൻ കഴിയാതിരുന്ന സിംഗ് അസമിലെ തേസ്പൂരിൽ നിന്ന് വിഡിയോ മുഖാന്തരമാണ് പട്ടേലിന്റെ പ്രതിമയും മ്യൂസിയവും ഉദ്ഘാടനം ചെയ്തതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
1951 ഫെബ്രുവരിയിൽ മക്‌മോഹൻ ലൈൻ വരെ ഇന്ത്യൻ ഭരണം സ്ഥാപിക്കുന്നതിൽ മേജർ ബോബ് ഖാറ്റിംഗ് വഹിച്ച നിർണായക പങ്കിനെയും പ്രതിരോധ മന്ത്രി ഓർമ്മിച്ചു. മേജർ ഖാറ്റിംഗിന്റെ സംഭാവനകളെ പ്രകീർത്തിക്കുകയും ദേശീയ ഐക്യത്തിന്റെ പ്രതീകമായി വർത്തിക്കുകയും ചെയ്യുന്ന മ്യൂസിയം സൃഷ്ടിക്കുന്നതിൽ മുൻകൈയെടുത്ത ഇന്ത്യൻ സൈന്യത്തെയും പ്രാദേശിക സമൂഹങ്ങളെയും സിംഗ് അഭിനന്ദിച്ചു.
ചടങ്ങിൽ അരുണാചൽ പ്രദേശ് ഗവർണർ ലഫ്റ്റനൻ്റ് ജനറൽ കെ.ടി പർനായിക് (റിട്ട), മുഖ്യമന്ത്രി പേമ ഖണ്ഡു, കേന്ദ്രമന്ത്രി കിരൺ റിജിജു, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: