കോട്ടയ്ക്കല്‍: ആര്യവൈദ്യശാലയുടെ 61-ാമത് ആയുര്‍വേദ സെമിനാര്‍ നവംബര്‍ 10ന് കോട്ടയ്ക്കല്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍.
ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷവേളയുടെ ഭാഗമായാണ് ഇത്തവണ സെമിനാര്‍ കോട്ടയ്ക്കലില്ത്തന്നെ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ വജ്രജൂബിലി വര്‍ഷമായ 2023 മുതല്‍ എഎസ്കെ (ആയുര്‍വേദ സെമിനാര്‍ കോട്ടയ്ക്കല്‍) എന്ന പേരിലാണ് സെമിനാര്‍. രക്തചംക്രമണത്തിന്റെ അഭാവത്താല്‍ അസ്ഥികള്‍ക്കുണ്ടാകുന്ന ജീര്‍ണതയാണ് ഇത്തവണത്തെ വിഷയം.
ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയരുടെ അധ്യക്ഷതയില്‍ കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. ഡോ. പ്രവീണ്‍ ബാലകൃഷ്ണന്റെ ‘ന്യൂ ട്രെന്റ് ഇന്‍ പഞ്ചകര്മ്മാ ടെക്നിക്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചെയ്യും. ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികുമാര്‍, ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ. ലേഖ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു ചേരുന്ന ടെക്നിക്കല്‍ സെഷനില്‍ കോഴിക്കോട് മൈത്ര ആശുപത്രിയിലെ ആര്‍ത്രോപ്ലാസ്റ്റി/ആര്‍ത്രോസ്കോപ്പി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സമീറലി പറവത്ത് മുഖ്യപ്രബന്ധം അവതരിപ്പിക്കും. മൂവാറ്റുപുഴ വെട്ടുകാട്ടില്‍ ആയുര്‍വ്വേദ ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ്/പ്രോക്ടോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജിക്കു ഏലിയാസ് ബെന്നി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല എ. എച്ച് ആന്‍ഡ് ആര്‍സി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിശാന്ത് നാരായണന് എന്നിവര്‍ സംസാരിക്കും.
ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ വിവിധ പുരസ്ക്കാരങ്ങള്‍ സെമിനാറില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: