സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഭാരതത്തിനു തലവേദനയായിരുന്നു ജമ്മുകശ്മീരിലെ പ്രശ്നങ്ങള്‍. വിഘടനവാദികള്‍ക്ക് നെഹ്റു കോണ്‍ഗ്രസ് കനിഞ്ഞു നല്കിയ, കശ്മീരിന്റെ പ്രത്യേക പദവി, എന്‍.ഡി.എ സര്‍ക്കാര്‍ എടുത്തുമാറ്റിയതോടെ ആ തലവേദനയ്ക്കു പരിഹാരമായി. രാഷ്ട്രീയ സ്ഥിരതയും വികസനവും സമാധാനവും സ്വാതന്ത്ര്യവും സംതൃപ്തിയുമാണ് ഇന്നു കശ്മീരിന്റെ മുഖമുദ്ര. ഈ മാറ്റം, പാകിസ്ഥാന് അടിച്ചമര്‍ത്തി കയ്യടക്കി വച്ചിരിക്കുന്ന അധിനിവേശ കശ്മീര്‍ മേഖലയിലെ(പി.ഒ.കെ) ജനങ്ങളെയും മോഹിപ്പിക്കുകയാണിപ്പോള്. അവര്‍ക്കിപ്പോള്‍ ഭാരതത്തോടാണ് പ്രിയം. പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കിയതിനു ശേഷമുള്ള കഴിഞ്ഞ അഞ്ചു വര്‍ഷം ഇരു ഭാഗത്തും തിരിച്ചറിവുകളുടെ കാലമായിരുന്നു. അതുകൊണ്ടുതന്നെ പാകിസ്ഥാനില്‍ നിന്നു വിട്ടുപോരാനുള്ള വ്യഗ്രതിയിലാണ് പിഒകെയിലെ ജനങ്ങള്‍. സ്വതേ പ്രശ്നങ്ങളുടെ നടുവില്‍ നട്ടംതിരിയുന്ന പാകിസ്ഥാന്, പാക്ക് അധീന കശ്മീര്‍ പുതിയ തലവേദനയായി. ഭാവിയില്‍ അവര്‍ നേരിടാന്‍ പോകുന്ന യഥാര്‍ത്ഥ ഭീക്ഷണി അവിടുത്തെ വിമത സ്വരമായിരിക്കും.
ഇസ്ലാമാബാദില്നിന്നു നിയന്ത്രിക്കുന്ന പാവ സര്‍ക്കാരിലൂടെയാണ് ഈ മേഖലയെ പാകിസ്ഥാന് നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പു കൃത്രിമം കാണിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതും വിമതസ്വരം ഉയര്‍ത്തുന്നവരെ കാണാതാകുന്നതും അവിടെ പതിവാണ്. ജനാധിപത്യ പ്രക്രിയയുണ്ടെന്ന മിഥ്യാധാരണ ആഗോള സമൂഹത്തിനു മുന്നില്‍ ഇസ്ലാമാബാദ് നിലനിര്‍ത്തുന്നുണ്ടെങ്കിലും പി.ഒ.കെയിലെ ജനങ്ങള്‍ക്ക് അവരുടെ ഭരണത്തില്‍ യാതൊരു സ്വാതന്ത്ര്യമോ അവകാശങ്ങളോ ഇല്ല. ഇത് ജനങ്ങളില്‍ വ്യാപക അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക പാര്ശ്വവത്കരണത്തോടൊപ്പം സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ കാര്യത്തിലും മേഖല അവഗണന നേരിടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകള്‍ തീരെ പിന്നാക്കമാണ്. ഇത് വ്യാപകമായ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേയ്ക്കുമാണ് ജനങ്ങളെ നയിക്കുന്നത്. മേഖലയിലെ വിഭവങ്ങള്‍ പാക് ഭരണകൂടം ചൂഷണം ചെയ്യുന്നതിനെതിരെയും ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ഭാരത നിയന്ത്രിത ജമ്മു കശ്മീരില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പും വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഇതോടെ പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്കിടയിലെ മനംമാറ്റം പ്രകടമായി തുടങ്ങിയിരിക്കുന്നു.
എല്ലാ വര്‍ഷവും ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി പാകിസ്ഥാന് ആചരിച്ചു വന്നിരുന്നു. ഭാരത നിയന്ത്രിത കശ്മീരില്‍ ഭാരത ഭരണകൂടം നടത്തുന്നതായി അവര്‍ ആരോപിക്കുന്ന പീഡനങ്ങളും അടിച്ചമര്‍ത്തലുകളും അവസാനിപ്പിക്കണമെന്നും കശ്മീരീനെ പാകിസ്ഥാനൊപ്പം ചേര്ക്കണമെന്നതുമാണ് ഈ ദിനാചരണത്തിലൂടെ പാകിസ്ഥാന് പറയാനുദ്ദേശിച്ചിരുന്നത്. എന്നാല്‍, കുറച്ചു വര്‍ഷങ്ങളായി ആഘോഷങ്ങളില്‍ ജന പങ്കാളിത്തം കുറയുന്നുവെന്ന് മാത്രമല്ല 2024 ലെ ആചരണം തികച്ചും പ്രഹസനമായി മാറി. മാത്രമല്ല ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും ‘ആസാദ്’ കശ്മീരെന്നു പാക് ഭരണകൂടം വിളിക്കുന്ന അധിനിവേശ പ്രദേശവും ഉള്‍പ്പെടുന്ന പി.ഒ.കെയുടെ ഭൂരിഭാഗം പ്രദേശങ്ങളും പാക് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
പി.ഒ.കെയെ ഭാരതവുമായി ചേര്‍ക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. ക്ഷാമം, വിലക്കയറ്റം, വൈദ്യുതി മുടക്കം, ഭീകരാക്രമണങ്ങള്‍ എന്നിവയാല്‍ മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളായതും, മാറി ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പാക് അധീന കശ്മീരില്‍ ആസാദ് ഭരണകൂടം സ്ഥാപിതമായതിന്റെ 77-ാം വാര്‍ഷികം ഒക്ടോബര്‍ 22ന് പ്രദേശത്തുടനീളം ഔദ്യോഗിക പതാക ഉയര്‍ത്തല്‍ ചടങ്ങുകളോട് കൂടിയാണ് പാക് ഭരണകൂടം ആഘോഷിച്ചത്. ഭാരത അധിനിവേശത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പരിപാടി. ഇതിനെതിരെ നാഷണല്‍ പാര്‍ട്ടിയുടെയും ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ പാക് വിരുദ്ധ റാലികളും അരങ്ങേറി. ഇത് പല വിദേശ രാജ്യങ്ങളിലും ആവര്‍ത്തിച്ചു.
ഇതിനിടയിലാണ് ബലൂചിസ്ഥാനില്‍ നടക്കുന്ന സ്വാതന്ത്ര്യ സമര പോരാട്ടം. പാക് അധീന കശ്മീരിലൂടെ 62 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മിക്കുന്ന ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇസി) പ്രധാനഭാഗമായ ഗ്വാദര്‍ പോര്‍ട്ട് അതോറിറ്റി സമുച്ചയത്തിന് നേരെ ബലൂച് ആര്‍മി ആക്രമണം നടത്തിയതോടെ പാകിസ്ഥാനിലെ പ്രശ്നങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. ഹിന്ദു, സിഖ്, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് മേലുള്ള അതിക്രമങ്ങള്‍ക്ക് പുറമെ വിവിധ മുസ്ലിം വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുന്നു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, തെഹ്രീക്-ഇ-താലിബാന് പാകിസ്ഥാന് അഥവാ പാക്-താലിബാന്, ഖൊറാസന്‍ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ സംഘടനകളാണ് അക്രമങ്ങളില്‍ പ്രധാന പങ്കാളികള്‍.
ഭാരതത്തിനെതിരെ നില്ക്കുന്ന രാജ്യങ്ങളുമായി ചങ്ങാത്തം കൂടി സാമ്പത്തിക, സൈനിക സഹായങ്ങള്‍ നേടിയെടുക്കുകയെന്ന തന്ത്രമാണ് ഇന്നുവരെ പാകിസ്ഥാന് തുടര്‍ന്നത്. നെഹ്റു സര്‍ക്കാര്‍ സോവിയറ്റ് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ പാകിസ്ഥാന് അമേരിക്കയോടൊപ്പം ചേര്‍ന്നു നേട്ടം കൊയ്തു. മോദി സര്‍ക്കാര്‍ ആ വിടവ് നികത്തിയപ്പോള്‍ ചൈനീസ് പക്ഷത്തേ്ക്ക് പാകിസ്ഥാന് കൂറുമാറേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദ കാലത്ത് പശ്ചാത്യ, പശ്ചാത്യേതര രാജ്യങ്ങളുമായും അവര്‍ നയിക്കുന്ന കൂട്ടായ്മകളിലും ഭാരതം തുല്യ ഇടപെടല്‍ നടത്തിത്തുടങ്ങിയപ്പോള്‍ പാകിസ്ഥാന് അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ അപ്രസക്തമായി. പ്രധാന ഇസ്ലാമിക രാജ്യങ്ങളും അവരെ കയ്യൊഴിഞ്ഞു. ഇതോടെ കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാന് ഒറ്റയ്ക്കായി. ഭാരതം ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയെന്ന നിലയിലേ്ക്കു കുതിക്കുമ്പോള്‍ ആഭ്യന്തര കലാപങ്ങളും രാഷ്ട്രീയ -സാമ്പത്തിക പ്രതിസന്ധികളും കൊണ്ടും ആഗോള രാഷ്ട്രീയത്തിലെ തിരിച്ചടികള്കൊണ്ടും വലയുന്ന പാകിസ്ഥാനെയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് റഷ്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ അതില്‍ കയറിപ്പറ്റാനുള്ള പാക് ശ്രമം വിഫലമായത്. ഈജിപ്ത്, എത്യോപ്യ, ഇറാന്, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് പുതിയ അംഗങ്ങള്‍. മുന്‍കാലത്തെ പോലെ പാകിസ്ഥാന്റെ അംഗത്വത്തിനായി സമ്മര്‍ദ്ദം ചെലുത്താല്‍ ചൈന തയ്യാറായില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പശ്ചാത്യ, പശ്ചാത്യേതര ശക്തികളുമായി ഭാരതം നടത്തുന്ന ഇടപെടലുകളുടെ ഗതി മനസിലാക്കിയ ചൈനയുടെ നിലപാട് ഇവിടെ തെളിഞ്ഞു നില്ക്കുന്നു. അതിര്‍ത്തി തര്‍ക്കമുള്‍പ്പടെയുള്ള മേഖലകളില്‍ ക്രിയാത്മകമായ പല ധാരണകളിലേക്കും ഭാരതവും ചൈനയും എത്തിച്ചേരുകയും ചെയ്തു.
കോണ്‍ഗ്രസ് ഭരണകാലത്തു ജമ്മു കശ്മീരിലെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് പാകിസ്ഥാനുണ്ടായിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഭാരത നിയന്ത്രിത ജമ്മു കശ്മീരിലെ വികസനവും ജനങ്ങളുടെ സ്വാതന്ത്ര്യവും കടുത്ത സമ്മര്‍ദമാണ് പാകിസ്ഥാന് മേല്‍ ഭാവിയില്‍ ഉണ്ടാക്കുക. സമാനമായ വികസനം പിഒകെയിലും നടത്താന്‍ പാകിസ്ഥാന് നിര്‍ബന്ധിതമാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലുമായ പാകിസ്ഥാന് ഈ സാഹചര്യം എങ്ങനെ നേരിടുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: