തായമ്പകയിലെ താരപരിവേഷം പോരൂര്‍ ഉണ്ണികൃഷ്ണന് അറുപതിന്റെ നിറവ്. കേരളത്തിന്റെ ക്ഷേത്രാങ്കണങ്ങളില്‍ മനോധര്‍മ്മപ്രധാനമായ തായമ്പകയിലൂടെ സഹൃദയസഹസ്രങ്ങളെ കോരിത്തരിപ്പിച്ച താളക്കമ്പക്കാരുടെ ആരാധനാപാത്രവും അഭിമാനവുമാണ് ഉണ്ണികൃഷ്ണന്. അഞ്ചുവയസ്സില്‍ പോരൂരപ്പനെ കൊട്ടിപ്പാടി സേവിച്ച ഉണ്ണികൃഷ്ണന് തിരുവേഗപ്പുറ ശങ്കുണ്ണിപ്പൊതുവാളുടെ ശിക്ഷണത്തിലാണ് തായമ്പക അഭ്യസിച്ച് അരങ്ങേറിയത്. സഹോദരങ്ങളായ പോരൂര്‍ ഹരിദാസ്, ശങ്കരനാരായണന്,ശ്രീനി, രാമചന്ദ്രന് എന്നിവര്‍ക്കൊപ്പമാണ് ഉണ്ണികൃഷ്ണനും പുളിമുട്ടി കൊട്ടി അഭ്യാസം തുടങ്ങിയത്. പോരൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ പഞ്ചസഹോദരങ്ങള് ചേര്‍ന്നു നടത്തിയ നിലാസാധകത്തിന്റെ ഒഴുക്കും കണക്കും വാദ്യവേദികളിലെ നിറശോഭയായി.
ഗുരുകുലസമ്പ്രദായത്തില്‍ ചിട്ടയായി അഭ്യസനവും അരങ്ങേറ്റവും കഴിഞ്ഞ് അത്യധ്വാനത്തിലൂടെ അക്ഷരകാലങ്ങളെ കൊട്ടിയുണ്ടാക്കിയതാണ് ഉണ്ണികൃഷ്ണന്റെ തായമ്പകയുടെ കരുത്ത്. 1975 ലാണ് അരങ്ങേറ്റം കഴിഞ്ഞ് അരങ്ങുകളിലെത്തുന്നത്. ചിതലി രാമമാരാര്‍, പല്ലശ്ശന പത്മനാഭന്‍മാരാര്‍, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ എന്നിവരുടെ തായമ്പക അനവധി കേട്ടു. തൃത്താല കേശവപ്പൊതുവാളുടേയും പല്ലാവൂര്‍ അപ്പുമാരാരുടേയു വാദനവഴികള്‍ നെഞ്ചേറ്റി. ഇരട്ടത്തായമ്പകകളില്‍ രണ്ടാമനായി ധാരാളം കൊട്ടിയതിനാല്‍ പ്രമാണക്കാരനെ പിന്തുടരുക എന്ന കലാധര്‍മ്മവും ഉണ്ണികൃഷ്ണന് സ്വീകരിച്ചു.
ഉണ്ണികൃഷ്ണന്റെ ഒറ്റത്തായമ്പക ഏറെ ശ്രദ്ധേയമാണ്. ധാര്‍ഷ്ട്യവും ധാര്‍മികതയും നിറഞ്ഞ ആ വാദനവൈഭവം ഒന്നാന്തരംതന്നെ. ആത്മവിശ്വാസവും വിനയവുമുള്ള കൊട്ടിന് അമിതവശ്യതയുണ്ട്. നേര്‍കോലും വക്കുകോലും പൊത്തും ചായ്പ്പുമൊക്കെ എടുത്തുപറയേണ്ടതാണ്. തായമ്പക വേദിയിലെത്തിയാല്‍ ഊര്‍ജസ്വലവും ഉശിരുമുള്ള പ്രകടനം. തുടക്കം മുതല്‍ ഒടുക്കംവരെ ഒരേ ഒഴുക്കാണതിന്. സങ്കീര്‍ണ്ണങ്ങളായ എണ്ണങ്ങള്‍ അനായാസമായി കൊട്ടി കലാശിപ്പിക്കും. സഹോദരന് പോരൂര്‍ ഹരിദാസനുമായി ചേര്‍ന്ന ഇരട്ടത്തായമ്പകകള്‍ മലയാളികളുടെ സായംസന്ധ്യകളെ ത്രസിപ്പിച്ചു. കനമുള്ള കൈ-കോലുകളും കാലപ്രമാണവും മനോധര്‍മ മാധുര്യവും സാധക മികവും സഹൃദയര്‍ ഏറ്റുവാങ്ങി. തായമ്പക രംഗത്തെ മുതിര്‍ന്ന കലാകാരന്മാരായ കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, കലാമണ്ഡലം ബലരാമന്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവരുമായി ഇരട്ടത്തായമ്പക കൊട്ടുമ്പോള്‍ അവരുടെ രീതി ഉള്‍ക്കൊള്ളാനുള്ള ഉണ്ണികൃഷ്ണന്റെ കഴിവ് ശ്രദ്ധേയമാണ്. കല്‍പ്പാത്തി ബാലകൃഷ്ണന്, ചെറുതാഴം ചന്ദ്രന്, കലാനിലയം ഉദയന്‍ നമ്പൂതിരി തുടങ്ങി നിരവധി തായമ്പകക്കാര്‍ക്ക് ഒന്നാമനായി നിന്ന് എണ്ണങ്ങള്‍ കൊട്ടിക്കൊടുത്തു.
പോരൂര്‍ ഉണ്ണികൃഷ്ണന്റെ ഷഷ്ടിപൂര്‍ത്തി വേറിട്ട നിലയിലുള്ള ആഘോഷമായി ഇന്ന് പോരൂര്‍ പെരുമ എന്ന പേരില്‍ മലപ്പുറം ജില്ലയിലെ പോരൂര്‍ ശിവക്ഷേത്രസന്നിധിയില്‍ നടക്കുകയാണ്. വാദ്യകലയുടെ ചരിത്രത്തിലാദ്യമായി 33 പേര് ചേര്‍ന്നൊരുക്കുന്ന വിശേഷാല്‍ തായമ്പക പിറന്നാള്‍ ആഘോഷത്തിന് മാറ്റുകൂട്ടും. ഒറ്റത്തായമ്പക, ഇരട്ടത്തായമ്പക, തൃത്തായമ്പക, പഞ്ചതായമ്പക എന്നിവയും കടന്നുള്ള പുത്തന്‍ പരീക്ഷണമാണിത്. വിദഗ്ധ മേളക്കാര്, ഓരേ തായമ്പകയില്‍ മാറിമാറി അണിനിരക്കുന്ന മേളപ്രപഞ്ചം മൂന്നു മണിക്കൂര്‍ നീളും. 2.30നു തുടങ്ങി 5.30ന് സമാപിക്കും.
മനോധര്‍മ്മ പ്രധാനമായ തായമ്പകയുടെ പതികാലവും കൂറുകളും ഇടകാലവും തായമ്പക ആചാര്യന്മാരും യുവപ്രതിഭകളുമെല്ലാം ചേര്‍ന്നാണ് ഓരോ ഭാഗങ്ങളായി അവതരിപ്പിക്കുക. തായമ്പകയിലെ സാത്വികമുഖം കലാമണ്ഡലം ബലരാമനും
കലാനിലയം ഉദയന്നമ്പൂതിരിയും കല്ലൂര്‍ ഉണ്ണികൃഷ്ണനും ചേര്‍ന്ന് പതികാലം തുടങ്ങി മുഖവും നിലയും കൊട്ടും. നില മുതല്‍ നാലാംകാലംവരെ തായമ്പകയിലെ രൗദ്രഭാവമായ കല്ലൂര്‍ രാമന്‍കുട്ടിമാരാരും കല്‍പ്പാത്തി ബാലകൃഷ്ണനും ശുകപുരം ദിലീപും ചേര്‍ന്നവതരിപ്പിക്കും. തുടര്‍ന്ന് കല്ലേക്കുളങ്ങര അച്യുതന്‍കുട്ടിമാരാര്‍, ചെര്‍പ്പുളശ്ശേരി രാജേഷ്, മണ്ണാര്‍ക്കാട് ഹരി എന്നിവര്‍ നാലാംകാലം തുടങ്ങി ചെമ്പടവട്ടം കലാശിപ്പിക്കും. തൃപ്രങ്ങോട്ട് പരമേശ്വരമാരാരും കക്കാട് രാജപ്പനും തൃത്താല ശ്രീനിയും ചേര്‍ന്ന് പഞ്ചാരിക്കൂറും പനമണ്ണ ശശി, വെളളിനേഴി രഘു, പനാവൂര്‍ ശ്രീഹരി, കക്കാട് അതുല്മാരാര് എന്നിവര്‍ ചെമ്പക്കൂറും അരങ്ങിലെത്തിക്കും. കേരളസംഗീതനാടക അക്കാദമി ചെയര്‍മാനും വാദ്യകലയിലെ ആദ്യത്തെ പത്മശ്രീ ജേതാവുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും മക്കളായ ശ്രീകാന്തും ശ്രീരാജും ചേര്‍ന്ന് അടന്ത, ചമ്പ, നവം കൂറുകള്‍ അവതരിപ്പിക്കും.
ഇടവട്ടം ആദ്യകാലം കൊട്ടിക്കയറുന്നത് ശുകപുരം രാധാകൃഷ്ണനും കലാമണ്ഡലം ദേവരാജനും കാഞ്ഞിലശ്ശേരി വിനോദും കല്ലുവഴി പ്രകാശനും പാലപ്പുറം മണികണ്ഠനും ചേര്‍ന്നാണ്. ദമ്പതി തായമ്പകയിലൂടെ ശ്രദ്ധേയരായ കലാമണ്ഡലം ഹരീഷ്മാരാരും നന്ദിനി വര്‍മ്മയും ചേര്‍ന്നൊരുക്കുന്ന ഇടവട്ടം രണ്ടാംകാലത്തില്‍ രഹിത കൃഷ്ണദാസും ചെറുശ്ശേരി അര്ജുന്. എസ്. മാരാരും അണിചേരും. ഇടനിലയും ഇരികിടയും കൊട്ടി തായമ്പക കലാശിപ്പിക്കുന്നത് പോരൂര്‍ ഉണ്ണികൃഷ്ണനൊപ്പം പോരൂര്‍ ശങ്കരനാരായണനും വെള്ളിനേഴി ആനന്ദും ആക്കോട് മുരളിയും തൃക്കൂര് അശോക്. ജി. മാരാരുമാണ്. മലയാളിക്കു സ്വന്തമായ ക്ഷേത്രവാദ്യകലയില്‍ ഇരട്ടത്തായമ്പകയും തൃത്തായമ്പകയും പഞ്ചതായമ്പകയും ആസ്വദിച്ച തായമ്പക പ്രേമികള്‍ക്ക് 33 പേര് ചേര്‍ന്ന് വിവിധഘട്ടങ്ങള്‍ കൊട്ടിക്കയറുന്ന സവിശേഷ തായമ്പക വേറിട്ട അനുഭവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: