Kerala

വഖഫ് നിയമത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Published by

കൊച്ചി: വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള പരിമിതി നിയമങ്ങളില്‍ സമ്പൂര്‍ണ ഇളവ് നല്‍കുന്ന 1995ലെ വഖഫ് നിയമത്തിലെ ചില വകുപ്പുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുനമ്പത്തെ ജോസഫ് ബെന്നിയും മറ്റ് ഏഴ് പേരും സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും. കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയില്‍ നിന്നാണ് മുന്‍ഗാമികള്‍ ഭൂമി വാങ്ങിയതെന്ന് മുനമ്പത്ത് സ്വത്തുക്കളുള്ള ഹര്‍ജിക്കാര്‍ വാദിക്കുന്നു.

എന്നാല്‍ ഈ വസ്തുവകകള്‍ പിന്നീട് വഖഫ് ഭൂമിയായി തരംതിരിച്ചിട്ടുണ്ട്. 1954ലെ വഖഫ് നിയമത്തിന് മുമ്പ് 1950ല്‍ സെയില്‍ ഡീഡ് നടപ്പിലാക്കിയതാണെന്ന് ഹര്‍ജി പറയുന്നു. അത് പിന്നീട് 1995ലെ നിയമം ഉപയോഗിച്ച് മാറ്റി 2013ല്‍ ഭേദഗതി വരുത്തി. ആരോപണവിധേയമായ വഖഫ് 2019ല്‍ മാത്രമാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ രജിസ്ട്രേഷനെത്തുടര്‍ന്ന്, റവന്യൂ ഉദ്യോഗസ്ഥര്‍ റെക്കോര്‍ഡ് ഓഫ് റൈറ്റ്സ് നല്‍കുന്നത് തടഞ്ഞുവയ്‌ക്കാനും രേഖകളുടെ മ്യൂട്ടേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാനും വഖഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടു. തങ്ങളെയും ഏകദേശം അറുനൂറോളം കുടുംബങ്ങളെയും അവരുടെ സ്വത്തുക്കളില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചതായി ഹര്‍ജിയില്‍ പറയുന്നു.

ട്രസ്റ്റുകള്‍, മഠങ്ങള്‍, അഖാഡകള്‍, സൊസൈറ്റികള്‍ എന്നിവയ്‌ക്ക് ബാധകമല്ലാത്ത പ്രത്യേക പദവി വഖഫ് സ്വത്തുക്കള്‍ക്ക് നല്‍കുന്നു, ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. വഖഫ് നിയമത്തിലെ വിവിധ വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയെയും ഹര്‍ജി ചോദ്യം ചെയ്യുന്നു. ഏത് സ്വത്തിനെയും വഖഫ് സ്വത്തായി തരംതിരിക്കുന്നതിന് വഖഫ് ബോര്‍ഡുകള്‍ക്ക് വിശാലവും അനിയന്ത്രിതവുമായ അധികാരം ഈ നിയമം നല്‍കുന്നു. ഈ നിയമത്തില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ഇസ്ലാമിക ഇതര സമുദായങ്ങള്‍ക്കും സംരക്ഷണം ഇല്ല. അവരുടെ മതപരവും സ്വകാര്യവുമായ സ്വത്തുക്കള്‍ സര്‍ക്കാരോ വഖഫ് ബോര്‍ഡുകളോ വഖഫ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രാപ്തമാക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.

വഖഫ് ലിസ്റ്റില്‍ ഭൂമി ഉള്‍പ്പെട്ടേക്കാവുന്ന ഇസ്ലാമികേതര സ്വത്തുടമകള്‍ക്ക് നോട്ടീസോ ഹിയറിങ്ങോ ആവശ്യമില്ലെന്നും വഖഫ് വസ്തുക്കളുടെ മേലുള്ള അവകാശം നീക്കം ചെയ്യാന്‍ വഖഫ് ബോര്‍ഡിന്റെ സിഇഒയെ ഈ നിയമം അധികാരപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by