ന്യൂദൽഹി: രാജ്യത്തെ സൈബർ തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പ് കേസുകൾ വിശദമായി അന്വേഷിക്കുന്നതിന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചു.
സാധാരണക്കാരായ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സമിതിയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും അന്വേഷണ ഉദ്യോഗസ്ഥർ കേസുകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ സമിതിയ്‌ക്ക് കൈമാറണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.
രാജ്യത്തുടനീളം സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാൽ ഉടൻ പൊലീസിനെ സമീപിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം മാത്രം രാജ്യത്തൊട്ടാകെ 6,000-ത്തിലധികം ഡിജിറ്റൽ അറസ്റ്റ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന്, കള്ളപ്പണം വെളിപ്പിക്കൽ കേസ് എന്നിവയുടെ പേരിൽ പരാതിക്കാരെ കബളിപ്പിച്ച സംഭവത്തിൽ ആറ് ലക്ഷം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
കൂടാതെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: