ന്യൂദൽഹി : എഎപി ഭരിക്കുന്ന ദൽഹിയിലെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് രാത്രിയാത്ര ഇപ്പോഴും സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. 75 ശതമാനത്തിലധികം സ്ത്രീകളും രാത്രിയിൽ ദൽഹി ബസുകളിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് എൻജിഒയായ ഗ്രീൻപീസ് ഇന്ത്യയുടെ ‘റൈഡിംഗ് ദി ജസ്റ്റിസ് റൂട്ട്’ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നഗരത്തിൽ സ്ത്രീകൾക്ക് യാത്രാക്കൂലി രഹിത ബസ് യാത്രാ പദ്ധതിയായ ‘പിങ്ക്’ ടിക്കറ്റ് ‘ അനുവദിച്ചതിനു ശേഷം നടത്തിയ പഠനത്തിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്. മോശം വെളിച്ചവും അപൂർവ്വമായ ബസ് ഷെഡ്യൂളുകളും കാരണം 77 ശതമാനം സ്ത്രീകളും ഇരുട്ടിന് ശേഷം ബസുകളിൽ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് തിരക്കേറിയ ബസുകളിൽ പല സ്ത്രീകളും പീഡന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. ആവശ്യത്തിന് പോലീസിന്റെ സേവനം ഈ സാഹചര്യങ്ങളിൽ ഉറപ്പാക്കണമെന്നും സ്ത്രീകൾ ആവശ്യപ്പെടുന്നുണ്ട്.
അതേ സമയം സർവേയിൽ പങ്കെടുത്ത 25 ശതമാനം സ്ത്രീകളും പൊതു ബസുകളുടെ ഉപയോഗം വർധിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കൂടാതെ 2019 ഒക്ടോബറിൽ പദ്ധതി ആരംഭിച്ചതിന് ശേഷം മുമ്പ് ബസുകൾ ഒഴിവാക്കിയിരുന്ന കൂടുതൽ സ്ത്രീകൾ സ്ഥിരം യാത്രക്കാതയി മാറിയെന്നും റിപ്പോർട്ട് പറയുന്നു.
എന്നിരുന്നാലും സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നത് പലപ്പോഴും യാത്രകളിൽ ഭീഷണികൾ ഉയർത്തുന്നുണ്ടെന്നാണ് ഭൂരിപക്ഷം സ്ത്രീകളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: