കോഴിക്കോട്: ‘സ്വ’ വിജ്ഞാനോത്സവ വേദിയിലെ ‘മീറ്റ് ദ് ഗവര്‍ണര്‍’ വ്യത്യസ്ത അനുഭവമാകും. മിസോറാം ഗവര്‍ണര്‍, ഗോവ ഗവര്‍ണര്‍, നിയമജ്ഞന്‍, കവി, ഗ്രന്ഥകാരന്‍, ഏറെ ജനകീയനായ സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രസിദ്ധനായ പി.എസ്. ശ്രീധരന്‍പിള്ള നവംബര്‍ നാലിന് ‘മീറ്റ് ദ് ഗവര്‍ണര്‍’ പരിപാടിയില്‍ പങ്കെടുക്കും.
ഗവര്‍ണറുമായി സംവദിക്കാനുള്ള അവസരമാണ് ‘മീറ്റ് ദ് ഗവര്‍ണര്‍’ പരിപാടിയിലൂടെ ജന്മഭൂമി ഒരുക്കുന്നത്. ‘സ്വ’ വിജ്ഞാനോത്സവത്തില്‍, ക്ഷണിക്കപ്പെട്ട സദസുമായി മിസോറാം, ഗോവ സംസ്ഥാനങ്ങളിലെ വികസനാനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്‌ക്കും.
ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനമാണ് ‘സ്വ’. നവം. മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ‘സ്വ’ വിജ്ഞാനോത്സവം.
നാലിന് വൈകിട്ട് ‘മാതാ’ പേരാമ്പ്ര ‘സ്വ’ വിജ്ഞാനോത്സവത്തിന്റെ കലോത്സവ വേദിയെ ചിലമ്പണിയിക്കും. രംഗാവിഷ്‌കാരത്തില്‍ ഇതിഹാസ തുല്യമായ അധ്യായം രചിച്ച ‘മാതാ തിയറ്റേഴ്സ്’ കേരളത്തിന്റെ കലാ-സാംസ്‌കാരിക വേദികളില്‍ പ്രതിഭാസമാണ്. കനകദാസ് പേരാമ്പ്രയും സംഘവും പ്രസിദ്ധമായ ചിലപ്പതികാരമാണ് ‘സ്വ’ വേദിയില്‍ അവതരിപ്പിക്കുന്നത്. നവംബര്‍ നാലിനാണ് പരിപാടി. വേദിയില്‍ വിസ്മയം സൃഷ്ടിക്കുന്നതാണ് പ്രസിദ്ധ കലാവിഷ്‌കാരകന്‍ കനകദാസിന്റെയും സംഘത്തിന്റെയും രീതി.
1250 പേരെ അണിനിരത്തി അവതരിപ്പിച്ച ‘ജയ്ഹിന്ദ്,’ കേരളത്തിന്റെ പൈതൃക- സാംസ്‌കാരിക- കാവ്യപാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ‘സര്‍ഗ കേരളം,’ വാഗ്ഭടാനന്ദ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് രൂപം കൊടുത്ത ‘വാഗ്ഭടീയം’ പഴശ്ശിരാജയുടെ വീരചരിതം വ്യാഖ്യാനിച്ച ‘വീര സ്മൃതി’, സ്വാമി വിവേകാനന്ദന്റെ സ്മരണ ജീവസ്സുറ്റതാക്കിയ ‘വിശ്വം വിവേകാനന്ദം’ തുടങ്ങിയ രംഗാവിഷ്‌കാരങ്ങളിലുണ്ട് കനകദാസിന്റെയും മാതാ പേരമ്പ്രയുടെയും വിജയ ചരിത്രം. മാതാ തിയറ്ററിക്കല്‍ ഹെറിറ്റേജ് ആന്‍ഡ് ആര്‍ട്‌സ് ആണ് ‘മാതാ’ ആയി അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക