കൊല്ലം: ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കാണാന്‍ വിളിച്ചപ്പോള്‍ അനുമതി നിഷേധിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
‘രമ്യ ആദ്യമല്ലല്ലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലോക്സഭയിലേക്ക് രണ്ടു തവണ മത്സരിച്ചപ്പോഴും കാണാത്തതില്‍ വിഷമമില്ല. ഇപ്പോള്‍ മാത്രം കാണാത്തതില്‍ വേദന എന്തിനാണ്. അവര്‍ക്ക് തോന്നുമ്പോള്‍ കാണുകയും അല്ലാത്തപ്പോള്‍ കാണാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തി എന്താണ്. ഇങ്ങോട്ട് മാന്യത കാണിക്കുമ്പോള്‍ അല്ലേ നമ്മളും മാന്യത കാണിക്കേണ്ടത്, വഴിയമ്പലം അല്ലല്ലോ ഞാന്‍, അത് സമ്മതിച്ചു കൊടുക്കില്ല’ വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ എനിക്ക് പരിചയമില്ല. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും കാണാന്‍ വന്നിരുന്നു. പാലക്കാട് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍, സുധീരന് കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോള്‍ എന്നെ ജയിലാക്കാന്‍ നോക്കി. ഞാനെന്തു തെറ്റ് ചെയ്തിട്ടാണ് ജയിലില്‍ ആക്കാന്‍ നോക്കിയത്.
അറസ്റ്റ് ചെയ്യാന്‍ നോക്കിയില്ലേ. ക്രൂരമായി ഒരു സമുദായ നേതാവിനെ ദ്രോഹിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ അന്ന് ഒരാളുപോലും ശരിയല്ലെന്ന് പറഞ്ഞില്ല. എല്ലാവരും മൗനമായിരുന്ന് സന്തോഷിക്കുകയാണ് ചെയ്തത്. ആ വിഷമം സമുദായത്തിന് ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: