Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെയുള്ള ജനപ്രതിനിധികളുടെ മാനസിക പീഡനം അവസാനിപ്പിക്കണം: ഗസറ്റ് ഓഫീസേഴ്‌സ് സംഘ്

Published by

തിരുവനന്തപുരം: അമിത ജോലിഭാരവും ജനപ്രതിനിധികളില്‍ നിന്നുള്ള മാനസികസമ്മര്‍ദവും മൂലമുള്ള മരണങ്ങള്‍ കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വര്‍ധിച്ചു വരുന്നതായി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന വനിതാ സമിതി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ എടവിലങ്ങാട് പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍വൈസറായിരുന്ന ഇന്ദുവിശ്വകുമാറിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘ് സംസ്ഥാന വനിതാസമിതി അധ്യക്ഷ അജിത കമലും ജനറല്‍ സെക്രട്ടറി ഹൃദ്യ ബാലചന്ദ്രനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംഭവം കേരളത്തിലെ പൊതുസമൂഹത്തിന് ആകെ നാണക്കേടാണ്. വനിതകളെ പൊതുസമക്ഷത്തില്‍ പൊതുമാപ്പ് പറയിക്കുന്ന തരത്തില്‍ സംസ്‌കാരശൂന്യമായി പെരുമാറിയ ജനപ്രതിനിധികളെ അയോഗ്യരാക്കണം.

പഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനത്തിന് മന്ത്രി വന്നപ്പോള്‍ ആളുകുറഞ്ഞെന്ന പേരിലാണ് ഇന്ദുവിനെ പഞ്ചായത്തില്‍ വിളിച്ചുവരുത്തി പൊതുമാപ്പ് പറയിച്ചത്. മന്ത്രിയുടെ പരിപാടിയില്‍ സദസ്യരായി അങ്കണവാടി ജീവനക്കാരെ വിട്ടു നല്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരിപാടി ഞായറാഴ്ച ആയതിനാല്‍ ഒരാള്‍ മാത്രമാണ് എത്തിയത്.

ഇതാണ് പഞ്ചായത്ത് ഭരണസമിതിയെ ചൊടിപ്പിച്ചത്. പരസ്യമായി പൊതുമാപ്പ് പറയിച്ചതിനെ തുടര്‍ന്ന് ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇന്ദു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. തുടര്‍ന്ന് യാത്രയ്‌ക്കിടയില്‍ ബസില്‍ കുഴഞ്ഞുവീണു മരിക്കുകയാണുണ്ടായത്.

കണ്ണൂരില്‍ എഡിഎം നവീന്‍ബാബുവും ജനപ്രതിനിധി പരസ്യമായി അപമാനിച്ചതില്‍ മനംനൊന്താണ് മരിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നു ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക