കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ രണ്ടാഴ്ചക്കുശേഷം പി.പി. ദിവ്യ പോലീസ് പിടിയിലായതോടെ ഒത്തുകളി നാടകത്തിന്റെ ഒരു രംഗം പൂര്‍ത്തിയായി. തുടര്‍ നാടകത്തിന്റെ ബാക്കി രംഗങ്ങള്‍ക്കായി കാത്തിരിക്കാം. ഇന്നലെ പകല്‍കാഴ്ചകള്‍ ദിവ്യയുടെ കാര്യത്തില്‍ സിപിഎമ്മും പോലീസും നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളിയെക്കുറിച്ച് നിരവധി സംശയങ്ങളാണ് സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിയത്.
ആത്മഹത്യാപ്രേരണക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിനല്‍കിയ ദിവ്യ, പൊലീസ് ഭാഷ്യമനുസരിച്ച് ഒളിവിലായിരുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടിയുടേയും പൊലീസിന്റെയും സംരക്ഷണയില്‍ സുഖവാസമായിരുന്നു എന്ന ആരോപണം നിലനില്ക്കുകയും ചെയ്യുന്നു. ദിവ്യ കണ്ണപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നും തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തെന്നുമാണ് പോലീസിന്റെ വിശദീകരണം. ദിവ്യയെ കസ്റ്റഡിയിലെടുത്തതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയില്ല.
എ.ഡി.എമ്മിന്റെ മരണത്തില്‍ ദിവ്യയ്ക്കെതിരേ കേസെടുത്തിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കാത്തത് പോലീസിന്റെ ഒത്തുകളിയാണെന്നും പരക്കെ ആക്ഷേപമുയര്‍ന്നതാണ്. സര്‍ക്കാരും സി.പി.എമ്മും പോലീസുമായി ചേര്‍ന്ന് ദിവ്യയെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷകക്ഷികളടക്കം തുറന്നടിച്ചു. ദിവ്യ ഒളിവിലാണെന്ന് പോലീസ് ആവര്‍ത്തിക്കുന്നതിനിടെയും ഇവരെ കണ്ടെത്താന്‍ പോലീസ് കാര്യക്ഷമമായ ഒരന്വേഷണവും നടത്തിയില്ല. ഒക്ടോബര്‍ 14ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ പങ്കെടുത്ത് എഡിഎമ്മിനെ കുറ്റപ്പെടുത്തി. പ്രസംഗിച്ചശേഷം വേദിവിട്ടിറങ്ങിയ ദിവ്യ പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിറ്റേദിവസം എ.ഡി.എമ്മിന്റെ മരണവിവരം പുറത്തറിഞ്ഞത് മുതല്‍ കണ്ണൂരിലെ ഈ സിപിഎം നേതാവ് പൊതുരംഗത്തുനിന്ന് വിട്ടുനിന്നു. ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമം.
കണ്ണൂരിലെ പാര്‍ട്ടി നേതാക്കളടക്കം ദിവ്യയുടെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തെ വിമര്‍ശിച്ചെങ്കിലും അവര്‍ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ ഇടപെടലാണെന്നായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജന് ന്യായീകരിച്ചത്. ആരോപണത്തിന്റെ പേരില്‍ ദിവ്യയുടെ രാഷ്ട്രീയജീവിതം വിട്ടുതരാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കളും പ്രതികരിച്ചു. എന്നാല്‍, പത്തനംതിട്ടയിലെ സി.പി.എം, എ.ഡി.എം. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു. എ.ഡി.എമ്മിന്റെ മരണത്തില്‍ ദിവ്യയ്ക്കെതിരേ കര്‍ശന നടപടി വേണമെന്ന് പത്തനംതിട്ടയിലെ സി.പി.എം. ജില്ലാ നേതാക്കളടക്കം ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ സി.പി.എം. നിലപാടില്‍ ഉറച്ചുനിന്നതോടെ പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തു. നവീന്‍ബാബുവിനെതിരേ സി.പി.എം. കേന്ദ്രങ്ങള്‍ ഉന്നയിച്ച പരാതിക്കഥയും പൊളിഞ്ഞുവീണു.
പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് അവകാശപ്പെട്ട പ്രശാന്തന്, മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെന്ന് പറഞ്ഞാണ് ആദ്യദിവസങ്ങളില്‍ ഒരു പരാതിയുടെ പകര്‍പ്പ് പ്രചരിപ്പിച്ചത്. എന്നാല്‍, ഈ പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ എത്തിയിരുന്നില്ല. മാത്രമല്ല, പരാതിക്കാരന്റെ ഒപ്പും വ്യത്യസ്തമായിരുന്നു. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമായി. പിന്നാലെ പ്രശാന്തന് മാധ്യമങ്ങള്‍ക്ക് മുന്നില്‍പോലും വരാതെ മുങ്ങിനടന്നു.
എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ ഒക്ടോബര്‍ 17നാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ അവരെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. ഈ സമയത്താണ് തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അവര്‍ പ്രസ്താവനയിറക്കിയത്. പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നല്കി. അതിനിടെ, പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സി.പി.എം. സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. പാര്‍ട്ടി രണ്ടുതട്ടില്‍ അല്ലെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുശേഷം പറഞ്ഞെങ്കിലും ഒരനുശോചനസന്ദേശം പോലും നല്‍കാതെ മുഖ്യമന്ത്രിഒഴിഞ്ഞുനിന്നു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ദിവ്യ കീഴടങ്ങിയത്. എന്നിട്ടും പോലീസിന്റെ കള്ളക്കളിയും പാര്‍ട്ടിയുടെ ഒളിച്ചുകളിയും തുടരുന്നു. ഇനി എന്ത് എന്ന് അറിയാനിരിക്കുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: