മലയാളസിനിമയുടെ മസിലളിയനാണ് ഉണ്ണിമുകുന്ദൻ. ബാച്ചിലറായി തുടരുന്ന അദ്ദേഹത്തിന് നിരവധി പെൺകുട്ടികൾ അടങ്ങുന്ന വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 2011 സിനിമയിലെത്തിയ അദ്ദേഹം വില്ലനായും പിന്നെ നായകനടന്മാരുടെ നിരയിലേക്കും ഉയരുകയായിരുന്നു. സിനിമയിലെത്തി 12 വർഷം പൂർത്തിയാക്കുമ്പോൾ അഭിനയത്തിന് പുറമേ നിർമ്മാണത്തിലും സാന്നിദ്ധ്യം അറിയിക്കാൻ ഉണ്ണിക്കായി. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ മാർക്കോയുടെ റിലീസിനായി അദ്ദേഹം കാത്തിരിക്കുകയാണ്.
താൻ കരിയറിന്റെ തുടക്കകാലത്ത് സൈബർ ആക്രമണവും ബുള്ളിയിംഗും നേരിട്ടുവെന്ന് തുറന്നുപറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കാരണങ്ങൾ വ്യത്യസ്തമാണെന്നും കൂട്ടംകൂടി ആക്രമിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷേ സിനിമയിൽ പൃഥ്വിയ്‌ക്കുള്ള ബാക്ക് അപ് എനിക്കുണ്ടായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും നിവർന്നു നിൽക്കാൻ സാധിച്ചതു വലിയ കാര്യമാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
പൃഥ്വിരാജിനെ പരിഹസിച്ചവരെ മഷിയിട്ടു നോക്കിയാൽ പോലും ഇന്നു കാണില്ല. രാജു അതൊന്നും ശ്രദ്ധിക്കാതെ ജോലിയിൽ ഫോക്കസ് ചെയ്ത് ഇന്ത്യയിലെ തന്നെ മികച്ച നടനും നിർമ്മാതാവുമൊക്കെയായി. ഞാനും മാഞ്ഞുപോകാതെ സിനിമയിലുണ്ട്. സൈബർ ലോകമെന്ന പൊതു നിരത്തിൽ ആർക്കും എന്തും പറയാം. നമ്മൾ എന്താകണമെന്ന ലക്ഷ്യം മാറാതിരുന്നാൽ മതിയെന്നും താരം പറയുന്നു.
ഉണ്ണി മുകുന്ദൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് മാർക്കോ. ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിലെത്തുന്ന ചിത്രമായിരിക്കും മാർക്കോ.ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാർകോ എത്തുക. പ്രതിനായക വേഷത്തിലായിരുന്നു മാർക്കോ ജൂനിയർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: