കൊല്ലത്ത് പീഡനക്കേസിലെ കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം കുമ്മിൾ സ്വദേശിയായ റിജുവാണ് കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ വച്ച് സ്വയം കഴുത്ത് മുറിച്ചത്. സ്ത്രീയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു റിജു.
വാറണ്ടായതോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തിൽ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തിൽ ഇറങ്ങാത്തതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി. 2012ൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയാണ് റിജു. കേസിന്റെ വിചാരണാ നടപടികൾക്കായി പ്രതി കോടതിയിൽ ഹാജരായില്ല. ഇതോടെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
തുടർന്നാണ് കടയ്ക്കൽ പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയത്. സ്റ്റേഷനിലെത്തിയ റിജു കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് അപ്രതീക്ഷിതമായി കഴുത്ത് മുറിക്കുകയായിരുന്നു. ജയിലിൽ കിടക്കാൻ താത്പ്പര്യമില്ലാത്തതിനാലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് റിജുവിൻറെ മൊഴി. സ്ഥിരം കുറ്റവാളിയാണ് റിജുവെന്ന് കടയ്ക്കൽ പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: