പത്തനംതിട്ട: ഡിജിറ്റല്‍ ഇടപാടുകളില്‍ വിപ്ലവാത്മകമായ മുന്നേറ്റം നടക്കുന്ന കാലമാണിത്. യുപിഐ പണമിടപാടുകള്‍ സാര്‍വത്രികമായി മാറുന്ന കാലം. എന്നാല്‍ ഒരു യുപിഐ ഐഡി ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പണമിടപാട് നടത്താന്‍ കഴിയുന്ന യുപിഐ സര്‍ക്കിള്‍ എന്ന സംവിധാനം നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി കൊണ്ടുവന്നിരിക്കുന്നു.
പ്രാഥമിക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് ലിങ്കിങ് മാത്രമാണ് ഈ ഇടപാടുകള്‍ക്ക് അടിസ്ഥാനമായി വേണ്ടത്. അതായത് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പേയ്മെന്റ് നടത്താനുള്ള ശൃംഖല പോലെയാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ പ്രാഥമിക ഉപഭോക്താവാണെങ്കില്‍ മറ്റുള്ളവരെ ദ്വിതീയ ഉപഭോക്താക്കളായി പേയ്മെന്റ് സംവിധാനം ഉപയോഗിക്കാന്‍ വേണ്ടി ചേര്‍ക്കാന്‍ സാധിക്കുമെന്ന് അര്‍ത്ഥം.
ഒരേ യുപിഐ ഐഡി ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പണമിടപാടുകള്‍ നടത്താം എന്നതാണ് പ്രത്യേകത. എന്നാല്‍ പ്രാഥമിക ഉപഭോക്താവിന് മറ്റു ഉപഭോക്താക്കള്‍ക്ക് പരിധി നിശ്ചയിച്ചു നല്‍കാനുള്ള സൗകര്യം ഈ സംവിധാനത്തിലുണ്ട്. ഫുള്‍ ഡെലിഗേഷന്‍, പാര്‍ഷ്യല്‍ ഡെലിഗേഷന്‍ എന്നീ ഓപ്ഷനുകള്‍ അതിനായി ഉപയോഗിക്കാന്‍ സാധിക്കും.
ഫുള്‍ ഡെലിഗേഷന്‍ സൗകര്യം ഉപയോഗിച്ച് ഒരു മാസത്തെ പണമിടപാട് പരിധി 15,000 മായി നിജപ്പെടുത്താനും സാധിക്കും. സുരക്ഷിതത്വം കുറവാണെന്ന ആശങ്ക വേണ്ട, കാരണം പ്രാഥമിക ഉപഭോക്താവിന് എപ്പോള്‍ വേണമെങ്കിലും ആപ്പ് ലോഗിന്‍ ചെയ്ത് ഇടപാടുകള്‍ നിരീക്ഷിക്കാം. നിലവില്‍ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഐഡി ഇടപാടുകള്‍ക്ക് ആവശ്യമാണ്.
പാര്‍ഷ്യല്‍ ഡെലിഗേഷന്‍ സൗകര്യം ഉപയോഗിക്കുകയാണെങ്കില്‍ പ്രാഥമിക ഉപഭോക്താവിന് ഒരു പേയ്മെന്റ് റിക്വസ്റ്റ് ചെല്ലുകയും അത് അംഗീകരിക്കപ്പെടുമ്പോള്‍ പേയ്മെന്റ് പൂര്‍ത്തിയാകുകയും ചെയ്യും. അതോടൊപ്പം നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സുരക്ഷ ഉറപ്പാക്കാന്‍ ചില മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നല്കിയിട്ടുണ്ട്. നിലവിലുള്ള എല്ലാ പേയ്മെന്റ് ഇന്റര്‍ഫേസുകള്‍ വഴിയും യുപിഐ സര്‍ക്കിള്‍ ഉപയോഗിക്കാം.
ദ്വിതീയ ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ബയോമെട്രിക് അല്ലെങ്കില്‍ പാസ്വേഡ് സൗകര്യം നിര്‍ബന്ധമാണ്. ഒരു പ്രാഥമിക ഉപഭോക്താവിന് പരമാവധി മറ്റ് അഞ്ച് ഉപഭോക്താക്കളെ മാത്രമേ യുപിഐ സര്‍ക്കിള്‍ സൗകര്യത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.
കുടുംബങ്ങളില്‍ ഏറ്റവും പ്രയോജനകരമായ കൃത്യമായ നിരീക്ഷണ സംവിധാനമുള്ള പേയ്മെന്റ് സൗകര്യമാണ് യുപിഐ സര്‍ക്കിള്‍ എന്നതാണ് യാഥാര്‍ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക